മൈ ലൈഫ് മൈ ചോയ്സ്: ലഹരിവിരുദ്ധ ബോധവത്കരണവുമായി തദ്ദേശ വകുപ്പ്
1581745
Wednesday, August 6, 2025 6:16 AM IST
കൽപ്പറ്റ: മൈ ലൈഫ് മൈ ചോയ്സ്, സേ നോട്ട് ടു ഡ്രഗ്സ് എന്ന സന്ദേശവുമായി ലഹരിവിരുദ്ധ ബോധവത്കരണവുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. മുണ്ടേരി ഗവ. വോക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി കൽപ്പറ്റ നഗരസഭാ വിദ്യാഭ്യാസ കലാകായികകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. ശിവരാമൻ ഉദ്ഘാടനം ചെയ്തു. സാമൂഹിക വിപത്തായ ലഹരിക്കെതിരെ സജീവ പ്രവർത്തനങ്ങൾ നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളമെന്നും വരും തലമുറയുടെ സുരക്ഷിത ഭാവിക്കായി കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾകോളജ് വിദ്യാർഥികൾ ലഹരിയുടെ പിടിയിലാകുന്നത് സമൂഹത്തിന് വെല്ലുവിളിയാണെന്നും അത് മറിക്കടക്കാൻ ഓരോരുത്തരും മുന്നിട്ടിറങ്ങണമെന്നും ജില്ലാ പോലീസ് മേധാവി തപോഷ് ബസുമാതാരി പറഞ്ഞു. ലഹരി വിപത്തിനെ മറികടക്കാൻ വിദ്യാർഥികൾ അഭിരുചി തിരിച്ചറിഞ്ഞ് ക്രിയാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. പാനൽ ചർച്ചയിൽ ആരോഗ്യ കേരളം ഡിപിഎം ഡോ. സമീഹ സൈതലവി, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.ജെ. ഷാജി, സൈക്കൊളജിസ്റ്റ് അൻവിൻ സോയി എന്നിവർ വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.
ലഹരി ഉപയോഗം, വിതരണം, അല്ലെങ്കിൽ ലഹരിയുമായി ബന്ധപ്പെട്ട വ്യക്തികളെ കുറിച്ചുള്ള വിവരങ്ങൾ എന്നിവ അധികൃതർക്ക് കൈമാറുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.ജെ. ഷാജി പറഞ്ഞു.
മാനന്തവാടി, പനമരം ബ്ലോക്ക് പഞ്ചായത്തുകളിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ കാന്പയിനിലൂടെ ലഹരി ഉപയോഗിക്കുന്ന കുട്ടികളെ കണ്ടെത്തി കൗണ്‍സലിംഗിന് വിധേയമാക്കാൻ സാധിച്ചിട്ടുണ്ട്. ലഹരി ഉപയോഗത്താൽ ബുദ്ധിമുട്ടുന്നവർക്ക് ലൂയിസ് മൗണ്ട് ആശുപത്രി സൈക്കോളജിസ്റ്റ് അൻവിൻ സോയി 9495164226, മുണ്ടേരി സ്കൂൾ കൗണ്‍സിലർ അനില 9745573965, എന്നിവരെ ബന്ധപ്പെടാം.
തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജോമോൻ ജോർജ് അധ്യക്ഷത വഹിച്ചു. മുണ്ടരി ഗവ. വൊക്കേഷണൽ സ്കൂൾ പ്രിൻസിപ്പൽ കെ. സദീപൻ, ഹെഡ്മാസ്റ്റർ എം. സൽമ, വാർഡ് കൗണ്‍സിലർ എം.കെ. ഷിബു, പിടിഎ പ്രസിഡന്റ് രഞ്ജിത്ത്, എസ്എംസി ചെയർമാൻ സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.