മുസ്ലിംലീഗ് ഭവനപദ്ധതി: നിയമതടസം നീക്കണമെന്ന് ജനശബ്ദം ആക്ഷൻ കൗണ്‍സിൽ
1581749
Wednesday, August 6, 2025 6:16 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾദുരന്തബാധിത കുടുബങ്ങൾക്ക് മുസ്ലിംലീഗ് പ്രഖ്യാപിച്ച ഭവനപദ്ധതി നടപ്പാക്കുന്നതിലെ നിയമതടസം സർക്കാർ നീക്കണമെന്ന് ചൂരൽമല ജനശബ്ദം ആക്ഷൻ കമ്മിറ്റി ഭാരവാരികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഉരുൾ ദുരന്തബാധിതർക്ക് 100 വീട് പ്രഖ്യാപിക്കുകയും പിന്നീട് ഏഴ് പേരേക്കൂടി ഉൾപ്പെടുത്തുകയും ചെയ്ത മുസ്ലിംലീഗ് ഭവനപദ്ധതിക്ക് തൃക്കൈപ്പറ്റ വില്ലേജിലെ വെള്ളിത്തോടിൽ 11.5 ഏക്കർ ഭൂമിയാണ് വിലയ്ക്കുവാങ്ങിയത്. തറക്കല്ലിടൽ ഏപ്രിൽ ഒന്‍പതിന് നടത്തിയെങ്കിലും വീടുകളുടെ നിർമാണം ആരംഭിക്കാൻ മുസ്ലിം ലീഗിന് കഴിഞ്ഞില്ല.
ഭൂമിയുടെ ഒരു ഭാഗം കാപ്പിത്തോട്ടം തരംമാറ്റിയതാണെന്നു വില്ലേജ് ഓഫീസർ താലൂക്ക് ലാൻഡ് ബോർഡിന് റിപ്പോർട്ട് നൽകിയതാണ് ഭവനനിർമാണം തുടങ്ങുന്നതിന് തടസമായത്.
മുസ്ലിംലീഗിന്റെ ഭവന പദ്ധതി നിർവഹണം വൈകുന്നത് ദുരന്തബാധിത കുടുംബങ്ങളെയാണ് ബാധിക്കുന്നത്. മുസ്ലിംലീഗ് ഭവനപദ്ധതി ഗുണഭോക്താക്കളായി തെരഞ്ഞെടുത്തതിൽ 87 കുടുംബങ്ങൾ ദുരന്തബാധിതരെന്നു കണ്ടെത്തി സർക്കാർ പ്രഖ്യാപിച്ച പട്ടികയിൽ ഉള്ളവരാണ്. കൽപ്പറ്റ എൽസ്റ്റൻ എസ്റ്റേറ്റിൽ സജ്ജമാക്കുന്ന ടൗണ്‍ഷിപ്പിൽ വീട് വേണ്ടെന്നു തീരുമാനിച്ച ഈ കുടുംബങ്ങൾ 15 ലക്ഷം രൂപ വീതം സർക്കാർ സഹായം കൈപ്പറ്റിയിട്ടുണ്ട്.
താത്കാലിക പുനരധിവാസത്തിന്റെ ഭാഗമായി പ്രതിമാസം അനുവദിച്ചിരുന്ന 6,000 രൂപ വീട്ടുവാടക സർക്കാർ സഹായം കൈപ്പറ്റിയവർക്കു അടുത്തമാസം മുതൽ കിട്ടാനിടയില്ല. എന്നിരിക്കേ ഭവനപദ്ധതിക്ക് മുസ്ലിംലീഗ് വാങ്ങിയ ഭൂമിയിൽ വീടുകളുടെ നിർമാണം തുടങ്ങുന്നതിലെ നിയമതടസം എന്തായാലും അടിയന്തരമായി നീക്കണം.
മുസ്ലിംലീഗ് ഉൾപ്പെടെ പാർട്ടികളും സന്നദ്ധ പ്രസ്ഥാനങ്ങളും പ്രഖ്യാപിച്ച ഭവനങ്ങളുടെ നിർമാണം പൂർത്തിയാകുന്നതുവരെ ദുരന്തബാധിത കുടുംബങ്ങൾക്കുള്ള വീട്ടുവാടക തുടരണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു കണ്‍വീനർ ഷാജിമോൻ ചൂരൽമല, ഉസ്മാൻ ബാപ്പു, പി. സെയ്തലവി, കെ. സൈനുദ്ദീൻ, പി.ആർ. സന്തോഷ്, കെ. സഹദേവൻ, കെ. ജിജീഷ് എന്നിവർ പങ്കെടുത്തു.