സുൽത്താൻ ബത്തേരി മണ്ഡലത്തിന്റെ വികസനം: മുസ്ലിം ലീഗ് മനുഷ്യചങ്ങയിൽ പ്രതിഷേധം അലയടിച്ചു
1582513
Saturday, August 9, 2025 5:56 AM IST
സുൽത്താൻ ബത്തേരി: നിയോജകമണ്ഡലത്തിൽ പ്രഖ്യാപിച്ച വികസനപദ്ധതികൾ നടപ്പാക്കാതെ എൽഡിഎഫ് സർക്കാരും വന്യമൃഗശല്യം വിഷയത്തിൽ കേന്ദ്രസർക്കാരും കബളിപ്പിക്കുകയാണെന്ന് ആരോപിച്ച് മുസ്ലിം ലീഗ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്തേരിയിൽ നടത്തിയ മനുഷ്യചങ്ങലയിൽ പ്രതിഷേധം അലയടിച്ചു.
ബത്തേരി താലൂക്ക് ആശുപത്രി ജില്ലാആശുപത്രിയായി ഉയർത്തുക, വന്യമൃഗശല്യത്തിന് പരിഹാരം കാണുക, ബ്രഹ്മഗിരിയിലെ നിക്ഷേപ തട്ടിപ്പിൽ ജുഡീഷൽ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും അനുവദിച്ച ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് എൽഡിഎഫ് സർക്കാർ അട്ടിമറിച്ചെന്നും വയനാട് - നഞ്ചൻഗോട് റെയിൽവേ അട്ടിമറിച്ചെന്ന് ആരോപിച്ചുമായിരുന്നു മനഷ്യചങ്ങലയും പൊതുസമ്മേളനവും സംഘടിപ്പിച്ചത്.
അസംപ്ഷൻ ജംഗ്ഷൻ മുതൽ ചുങ്കംവരെ തീർത്ത മനുഷ്യചങ്ങലയിൽ നൂറ് കണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്. അസംപ്ഷൻ ജംഗ്ഷൻ മനുഷ്യചങ്ങലയിലെ ആദ്യകണ്ണിയായി മുസ്ലിം ലീഗ് ജില്ലാപ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജിയും ചുങ്കത്ത് അവസാനകണ്ണിയായി ജനറൽ സെക്രട്ടറി ടി. മുഹമ്മദും പങ്കെടുത്തു.
ട്രാഫിക് ജംഗ്ഷനിൽ മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി ജയന്തി രാജൻ, ഐ.സി. ബാലകൃഷ്ണൻ എംഎൽഎയും, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ഡി.പി. രാജശേഖരനും കണ്ണികളായി ചേർന്നു. തുടർന്ന് നടന്ന പൊതുസമ്മേളനം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ സാധാരണക്കാരുടെ ഉന്നമനത്തിനായി ഇടതുപക്ഷം ഒന്നുംചെയ്തിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എം.എ. അസൈനാർ അധ്യക്ഷത വഹിച്ചു.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ജില്ലാ പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി ടി. മുഹമ്മദ്, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജൻ, റസാഖ് കൽപ്പറ്റ, പി.പി. അയൂബ്, അബ്ദുള്ള മാടക്കര, സി. കുഞ്ഞബ്ദുള്ള, യഹിയാഖൻ തലക്കൽ, അസൈനാർ ഹാജി, സലീം മേമന, എം.പി. നവാസ്, സി.എച്ച്. ഫസൽ, നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി.കെ. ഹാരിഫ്, ട്രഷറർ വി. ഉമ്മർ ഹാജി എന്നിവർ പ്രസംഗിച്ചു.