കാട്ടാന ചെരിഞ്ഞ നിലയിൽ
1582512
Saturday, August 9, 2025 5:56 AM IST
സുൽത്താൻ ബത്തേരി: ബത്തേരി റേഞ്ചിലെ പൊൻകുഴി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കോളൂർ വനാതിർത്തിയിൽ കാട്ടുകൊന്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. നാൽപത് വയസിനടുത്ത് പ്രായം മതിക്കുന്ന കാട്ടാനയുടെ ജഡം വനാതിർത്തിയിലെ ആനപ്രതിരോധ കിടങ്ങിൽ ഇന്നലെ രാവിലെ ഏഴോടെയാണ് പ്രദേശവാസികൾ കണ്ടത്.
ട്രഞ്ചിൽ മുട്ടുകുത്തി കിടക്കുന്ന നിലയിലായിരുന്നു ജഡം. ഇടതു മുൻ കാലിനിടയിലും വലത് കൊന്പിനിടയിലുമായി വനംവകുപ്പ് അതിർത്തിയിൽ സ്ഥാപിച്ച ഫെൻസിംഗ് ലൈൻ കുടുങ്ങിയ നിലയിലുമാണുള്ളത്. ഇതിൽ നിന്നുള്ള ഷോക്കായിരിക്കാം ആന ചരിയാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
പോസ്റ്റുമോർട്ടത്തിനു ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്ന് അധികൃതർ അറിയിച്ചു. വനത്തിൽ നിന്ന് കോളൂർ മേഖലയിലെ വയലിലേക്ക് ഇറങ്ങാനുള്ള ശ്രമത്തിനിടയാണ് അപകടം സംഭവിച്ചിരിക്കുന്നത്. ബത്തേരി റേഞ്ചർ നസ്ന, പൊൻകുഴി ഫോറസ്റ്റ് സെക്ഷൻ ഓഫീസർ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ വനപാലകരെത്തി പരിശോധനകൾ നടത്തി.
കല്ലുമുക്കിൽ ആഴ്ചകൾക്കു മുന്പ് വാഹനം ആക്രമിച്ച കാട്ടാനയാണ് ഇതെന്നാണ് വനവകുപ്പിൽ നിന്ന് ലഭിക്കുന്ന വിവരം. ഫോറസ്റ്റ് വെറ്ററിനറി ഡോക്ടർ ഇന്ന് ആനയുടെ പോസ്റ്റ് മോർട്ടം നടത്തും. രണ്ടുമാസം മുന്പ് കോളൂരിൽ നിന്നും അരകിലോമീറ്റർ മാറിയുള്ള മുറിയൻകുന്നിലും കാട്ടാനയെ ഷോക്കേറ്റ് ചരിഞ്ഞനിലയിൽ കണ്ടെത്തിയിരുന്നു.