കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ രജിസ്ട്രാർ ഓഫീസിന് മുന്പിൽ ധർണ നടത്തി
1582510
Saturday, August 9, 2025 5:56 AM IST
കൽപ്പറ്റ: കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സഹകരണ സംഘം രജീസ്ട്രാർ ഓഫീസിനു മുന്പിൽ ധർണ സംഘടിപ്പിച്ചു. കേരളത്തിലെ സഹകരണ ബാങ്ക് ജീവനക്കാരുടെ പെൻഷൻ പരിഷ്കരിക്കുന്നതിനായി 2019ൽ ദ്വയാംഗ കമ്മീഷനും 2022ൽ രാജേന്ദ്രൻ നായർ കമ്മിറ്റിയെയും സർക്കാർ നിയോഗിച്ചെങ്കിലും പ്രസ്തുത കമ്മിറ്റികളുടെ ശിപാർശ പരിഗണിച്ച് പെൻഷൻ പരിഷ്കരിക്കാനും ഏകപക്ഷീയമായി നിർത്തൽ ചെയ്ത ഡിഎ പുനസ്ഥാപിക്കാനും സഹകരണ സംഘം രജിസ്റ്റാറും വകുപ്പ് സെക്രട്ടറിയും സർക്കാരും തയാറാകാത്ത സാഹചര്യത്തിലായിരുന്നു ധർണ.
സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോണ് ധർണ ഉദ്ഘാടനം ചെയ്തു. ദുർവാശി വെടിഞ്ഞ് സഹകരണ ബാങ്ക് ജീവനക്കാർക്ക് ലഭിക്കുന്ന നാമമാത്ര പെൻഷൻ പരിഷ്കരിക്കാൻ സർക്കാർ തയാറാകണമെന്നും സർക്കാരിന്റെ സഹായധനം നൽകാത്ത സ്വാശ്രയ പെൻഷൻകാരെ ബുദ്ധിമുട്ടിക്കുന്ന സർക്കാർ നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് കെ. രാജീവൻ അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് എംപ്ലോയീസ് കോണ്ഗ്രസ് ജനറൽ സെക്രട്ടറി കെ.എസ്. ശ്യാംകുമാർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിട്ടയറീസ് അഖിലേന്ത്യാ സെക്രട്ടറി എസ്. പ്രഭാവതി. കേരള ബാങ്ക് റിട്ടയറീസ് അസോസിയഷൻ മുൻ പ്രസിഡന്റ് മുണ്ടേരി ഗംഗാധരൻ,
വർക്കിംഗ് പ്രസിഡന്റ് വി.കെ. ജോണ്സണ്, ട്രഷറർ ജോണ് ജോസഫ്, കെ. ബാലചന്ദ്രൻ നായർ, ജനറൽ സെക്രട്ടറി പി. രാമകൃഷ്ണൻ, വൈസ് പ്രസിഡന്റ് വി. വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.