ജില്ലയിലെ ജനകീയ ആരോഗ്യകേന്ദ്രങ്ങളിൽ സ്ത്രീ കാന്പയിൻ
1594856
Friday, September 26, 2025 4:56 AM IST
കൽപ്പറ്റ: ജില്ലയിലെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും സ്ത്രീകൾക്ക് പ്രത്യേക പരിശോധനയും ചികിത്സയും ലഭ്യമാക്കുന്ന സ്ത്രീ കാന്പയിനിന്റെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ ജില്ലാ പ്രാഥമിക ഇടപെടൽ കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു. ആരോഗ്യമുള്ള സ്ത്രീകൾ, ശക്തമായ സമൂഹം എന്ന സന്ദേശവുമായി ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിപ്പിക്കുന്ന കാന്പയിൻ മാർച്ച് എട്ട് വരെ നീണ്ടുനിൽക്കും.
സ്ത്രീ ക്ലിനിക്കുകൾ, അയൽക്കൂട്ട സ്ക്രീനിംഗ് ക്യാന്പുകൾ, തുടർപരിശോധനയും ചികിത്സയും, ശീലമാറ്റ ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവ ജില്ലയിലെ 200 ജനകീയ ആരോഗ്യകേന്ദ്രങ്ങൾ വഴി ലഭ്യമാക്കി സ്ത്രീകളെ ശാക്തീകരിക്കാനാണ് കാന്പയിനിലൂടെ ലക്ഷ്യമിടുന്നത്.
പൊതുവായ ശാരീരിക പരിശോധന, ടിബി സ്ക്രീനിംഗ്, ഉയരം, ഭാരം, ബിഎംഐ, രക്ത സമ്മർദ്ദ പരിശോധനകൾ, ഗർഭിണികൾക്കും കുട്ടികൾക്കുമുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ, ജിആർബിഎസ് പരിശോധന, ഹീമോഗ്ലോബിൻ പരിശോധന, ഓറൽ കാൻസർ സ്ക്രീനിംഗ്, സ്തനാർബുദ സ്ക്രീനിംഗ്, ശാരീരിക മാനസിക അവസ്ഥ മനസിലാക്കി ശീലമാറ്റ ബോധവത്കരണം എന്നിവയാണ് ജനകീയ ആരോഗ്യകേന്ദ്രങ്ങൾ വഴി നടപ്പാക്കുന്നത്. വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ ഉയർന്ന ആശുപത്രികളിലേക്ക് റഫർ ചെയ്ത് തുടർചികിത്സ ഉറപ്പാക്കും.
കൽപ്പറ്റ നഗരസഭാ ചെയർപേഴ്സണ് ടി.ജെ. ഐസക് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ടി. മോഹൻദാസ് മുഖ്യപ്രഭാഷണവും ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി സന്ദേശ പ്രഭാഷണവും നടത്തി.
കൽപ്പറ്റ നഗരസഭ ആരോഗ്യ സ്ഥിരസമിതി ചെയർപേഴ്സണ് എ.പി. മുസ്തഫ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി. ദിനീഷ്, ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. ജെറിൻ എസ്. ജെറോഡ്, എച്ച്ഡബ്ല്യുസി ജൂണിയർ കണ്സൾട്ടന്റ് ഡോ. കുഞ്ഞിക്കണ്ണൻ, ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.വി.ഡി. ജോസഫ്, എൻപിഎൻസിഡി നോഡൽ ഓഫീസർ ഡോ.കെ.ആർ. ദീപ, ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ കെ.എം. മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ പി.എം. ഫസൽ എന്നിവർ പ്രസംഗിച്ചു.