വീട് നിർമാണപുരോഗതി വിലയിരുത്തി മന്ത്രി
1594868
Friday, September 26, 2025 5:01 AM IST
കൽപ്പറ്റ: വീട് നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്ന എൽസ്റ്റണിലെ ടൗണ്‍ഷിപ്പ് പദ്ധതി പ്രദേശം സന്ദർശിച്ച പട്ടികജാതി-വർഗ-പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു സ്ഥിതിഗതികൾ വിലയിരുത്തി. സോണ്‍ ഒന്ന് മുതൽ അഞ്ച് വരെയുള്ള ഇടങ്ങളിലെ പ്രവൃത്തികളാണ് ഇന്നലെ മന്ത്രി സന്ദർശിച്ചത്.
കൂടുതൽ തൊഴിലാളികളെ കൊണ്ടുവന്നു പ്രവൃത്തി വേഗം കൂട്ടണമെന്ന് മന്ത്രി നിർദേശം നൽകി. ഓരോ വിഭാഗം പ്രവൃത്തിയും ഓരോ ടീമിനെ ഏൽപ്പിച്ചു വേഗം കൈവരിക്കണം. 450 ഓളം തൊഴിലാളികളാണ് ദിനേന ടൗണ്‍ഷിപ്പിൽ പ്രവൃത്തി ചെയ്യുന്നത്. ഇതുവരെ 135 വീടുകളുടെ തറ കോണ്‍ക്രീറ്റ് പൂർത്തിയായി.
17 വീടുകളുടെ പ്ലിന്ത് ബീം പൂർത്തിയായി. ഏഴ് വീടുകളുടെ വാർപ്പും കഴിഞ്ഞു. തുലാമഴയ്ക്ക് മുന്‍പ് പരമാവധി വീടുകളുടെ തറ കോണ്‍ക്രീറ്റ് പൂർത്തിയാക്കലാണ് ലക്ഷ്യം. ഊരാളുങ്കൽ ലേബർ കോണ്‍ട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റി, കിഫ്ബി, കിഫ്കോണ്‍ ജീവനക്കാരുമായി മന്ത്രി ചർച്ച നടത്തി.