മാനന്തവാടി - കോഴിക്കോട് ഹൈവേയിൽ ടേക്ക് എ ബ്രേക്ക് കേന്ദ്രമൊരുങ്ങുന്നു
1594866
Friday, September 26, 2025 5:01 AM IST
മാനന്തവാടി: മാനന്തവാടി - കോഴിക്കോട് ഹൈവേയിൽ വഴിയാത്രക്കാർക്കായി വിശ്രമകേന്ദ്രം ഒരുങ്ങുന്നു. എടവക ഗ്രാമപ്പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 36 ലക്ഷം രൂപ ചെലവിട്ടാണ് മാനന്തവാടി കോഴിക്കോട് ഹൈവേയിൽ തോണിച്ചാൽ ഇരുന്പ് പാലത്തിനടുത്ത് ടേക്ക് എ ബ്രേക്ക് കേന്ദ്രം നിർമിക്കുന്നത്. പദ്ധതിയുടെ നിർമാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു.
വിനോദസഞ്ചാരികൾക്കും യാത്രക്കാർക്കും ഉപയോഗപ്പെടുത്താൻ കഴിയുന്ന ആധുനിക രീതിയിലുള്ള ശുചിമുറികളും വിശ്രമ സൗകര്യങ്ങളും കഫ്റ്റീരിയയും ഉൾപ്പെടുത്തിയാണ് വിശ്രമകേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബ്രാൻ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ഗിരിജ സുധാകരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ വിനോദ് തോട്ടത്തിൽ, ജെൻസി ബിനോയ്, ഷിഹാബ് അയാത്ത്, മുൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ എച്ച്.ബി. പ്രദീപ്, ഉഷ വിജയൻ, അംഗങ്ങളായ സി.സി. സുജാത, ജംസീറ ഷിഹാബ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വി.എം. ഷൈജിത്ത് എന്നിവർ പങ്കെടുത്തു.