ചീങ്ങേരി പള്ളിയിൽ തിരുനാൾ
1594863
Friday, September 26, 2025 4:56 AM IST
കൽപ്പറ്റ: ചീങ്ങേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യെൽദോ മോർ ബസേലിയോസ് ബാവയുടെ 340-ാം ഓർമപ്പെരുന്നാൾ 27 മുതൽ ഒക്ടോബർ രണ്ടുവരെ ആഘോഷിക്കും.
ഇതിന് ഒരുക്കം പൂർത്തിയായതായി വികാരി ഫാ.എൽദോ ജോർജ് മനയത്ത്, ട്രസ്റ്റി ടി.വി. പീറ്റർ താണേലിമാലിൽ, സെക്രട്ടറി കെ.പി. ബേസിൽ കണ്ണംതാഴത്ത്, ആഘോഷക്കമ്മിറ്റി ജനറൽ കണ്‍വീനർ സജി വർഗീസ് വടക്കൻ, ടി.ജി. ഷാജു തുടുമ്മേൽ, ടി.എസ്. ബേസിൽ തുടുമ്മേൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 27ന് രാവിലെ 7.30ന് ആരംഭിക്കുന്ന വിശുദ്ധ കുർബായ്ക്കുശേഷം വികാരി കൊടിയേറ്റും. അന്നുരാത്രി ഏഴിന് ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ വചനപ്രഘോഷണം നടത്തും.
27, 29, 30 തീയതികളിൽ വൈകുന്നേരം ആറിന് പ്രാർഥന, സംഗീതസന്ധ്യ, സുവിശേഷയോഗം. 28ന് രാവിലെ ഏഴിന് പ്രഭാതപ്രാർഥന. എട്ടിന് മലബാർ ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മോർ സ്തേഫാനോസിന്റെ കർമികത്വത്തിൽ വിശുദ്ധ കുർബാന. ഒക്ടോബർ രണ്ടിനു രാവിലെ എട്ടിന് മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിലും മാങ്ങോട് സെന്റ് ജോർജ് പള്ളി വികാരി ഫാ.ജയിംസ് വൻമേലിൽ, ഇരുമനത്തൂർ സെന്റ് ജോണ്‍സ് പള്ളി വികാരി ഫാ.അനൂപ് ചാത്തനാട്ടുകുടി എന്നിവരുടെ സഹകാർമികത്വത്തിലും വിശുദ്ധ മൂന്നിൻമേൽ കുർബാന, പെരുന്നാൾ സന്ദേശം.
ഫിനിക്സ് സഹായനിധി നിർധന കുടുംബത്തിന് കുന്പളേരി റാട്ടക്കുന്നിൽ നിർമിച്ച വീടിന്റെ താക്കോൽദാനം 10.15ന് ചേരുന്ന അനുമോദന സമ്മേളനത്തിൽ മാത്യൂസ് മോർ അഫ്രേം തിരുമേനി നിർവഹിക്കും. മീനങ്ങാടി ആരോഗ്യ ആശുപത്രിയുടെ നേതൃത്വത്തിൽ പള്ളി അങ്കണത്തിൽ ഒക്ടോബർ ഒന്നിന് രാവിലെ 10 മുതൽ 12 വരെ സൗജന്യ മെഡിക്കൽ ക്യാന്പ് നടത്തും.