മികച്ച ഇ ഗവേണൻസ് പുരസ്കാരം ജില്ലാ ഭരണകൂടത്തിന്
1594859
Friday, September 26, 2025 4:56 AM IST
കൽപ്പറ്റ: ഇ ഗവേണൻസ് രംഗത്തെ നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ നൽകുന്ന ഇ ഗവേണൻസ് അവാർഡ് വയനാട് ജില്ലാ ഭരണകൂടത്തിന്. മികച്ച ഇ ഗവേണൻസ് ഉള്ള ജില്ല എന്ന വിഭാഗത്തിലാണ് വയനാട് ഒന്നാമതെത്തിയത്. സോഷ്യൽ മീഡിയ ആൻഡ് ഇ ഗവേണൻസ് വിഭാഗത്തിൽ ജില്ല രണ്ടാം സ്ഥാനവും സ്വന്തമാക്കി. ദുരന്ത നിവാരണം, കോവിഡ് കാലഘട്ടത്തിലെ പ്രവർത്തനങ്ങൾക്ക് റവന്യു വകുപ്പിലെ അടിയന്തരകാര്യ നിർവഹണ വിഭാഗം പ്രത്യേക ജൂറി പുരസ്കാരത്തിന് അർഹമായി.
തിരുവനന്തപുരം ഐഎംജിയിലെ പത്മം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. 2021-2022, 2022-2023 വർഷങ്ങളിലെ പ്രവർത്തനങ്ങൾക്കാണ് ഒന്‍പത് വിഭാഗങ്ങളിലായി അവാർഡുകൾ സമ്മാനിച്ചത്.
സബ് കളക്ടർ അതുൽ സാഗർ, ഇൻഫർമാറ്റിക്സ് ഓഫീസർ ജസീം ഹാഫിസ്, ഹസാർഡ് അനലിസ്റ്റ് അരുണ്‍ പീറ്റർ, ജില്ലാ ദുരന്ത നിവാരണ വിഭാഗം സീനിയർ ക്ലർക്കുമാരായ പി. സന്ദീപ്, പി.ജെ. സെബാസ്റ്റ്യൻ, ബിജു ജോസഫ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.