പൊതുസ്ഥലത്ത് മാലിന്യം തള്ളി; നാലു പേർക്കെതിരേ നടപടി
1299179
Thursday, June 1, 2023 1:03 AM IST
എടൂർ: കരിക്കോട്ടക്കരി റോഡിൽ വെമ്പുവ പാലത്തിന് സമീപം മാലിന്യം തള്ളിയവരെ കണ്ടെത്തി പഞ്ചായത്ത് നടപടി സ്വീകരിച്ചു. പഞ്ചായത്തധികൃതർ നടത്തിയ പരിശോധനയിലാണ് മാലിന്യം തള്ളിയവരെ കണ്ടെത്തിയത്. മാലിന്യത്തിൽ നിന്ന് ലഭിച്ച ആശുപത്രി ബിൽ പിന്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മാലിന്യത്തിന്റെ സ്രോതസിനെ കുറിച്ച് സൂചന ലഭിച്ചത്.
ഓടാക്കൽ സ്വദേശിയുടെ വീട്ടിൽ നിന്നുള്ള മാലിന്യങ്ങളാണ് തള്ളിയതെന്ന് കണ്ടെത്തി. എന്നാൽ മാലിന്യം തള്ളിയതിൽ തനിക്ക് പങ്കില്ലെന്നും നുച്യാട് സ്വദേശി നജമുദ്ദീൻ, ചെടിക്കുളം സ്വദേശി മൂസ, ചാക്കാട് സ്വദേശി സമീർ എന്നിവർക്ക് മാലിന്യം സംസ്കരിക്കാൻ കരാർ നൽകിയതാണെന്നും ഇവർ ഇതിനായി 2500 രൂപ തന്നിൽ നിന്ന് കൈപ്പറ്റിയിരുന്നതായും ഇയാൾ പറഞ്ഞു. തുടർന്ന് പഞ്ചായത്ത് മെംബർ ജോസ് അന്ത്യാംകുളത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ജീവനക്കാർ മാലിന്യം തള്ളിയവരെ മാലിന്യം കൊണ്ടു വന്ന ഓട്ടോ റിക്ഷ സഹിതം വിളിച്ചു വരുത്തുകയായിരുന്നു.
നാട്ടുകാരുടെ പരാതിയിൽ ആറളം പോലീസ് സ്ഥലത്തെത്തി കേസെടുത്തു. മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് നാലു പേർക്കെതിരേയും പഞ്ചായത്ത് നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.