അമ്മുഅമ്മ - ശിഹാബ് വധം; ഒന്നാം പ്രതിക്ക് ജീവപര്യന്തം
1396042
Wednesday, February 28, 2024 1:34 AM IST
തലശേരി: ഇരട്ടക്കൊലപാതക കേസില്‍ ഒളിവിലായിരുന്ന പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. തില്ലങ്കേരിയിലെ കരിയില്‍ അമ്മുക്കുട്ടിയമ്മ, ജീപ്പ് ഡ്രൈവര്‍ ശിഹാബ് എന്നിവരെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലാണ് ഒന്നാംപ്രതിയും സിപിഎം പ്രവര്‍ത്തകനുമായ നടുവനാട്ടെ ഹസീന മന്‍സിലില്‍ പുതിയപുരയില്‍ മുരിക്കഞ്ചേരി അര്‍ഷാദിനെ (42) ജീവപര്യന്തം തടവിനും പിഴയടയ്ക്കാനും ജില്ലാ സെഷന്‍സ് ജഡ്ജി കെ.ടി.നിസാര്‍ അഹമ്മദ് ശിക്ഷിച്ചത്.
കൊലപാതക കേസില്‍ കോടതിയില്‍ നിന്ന് ജാമ്യമെടുത്ത ശേഷം കേസിന്റെ വിചാരണയ്ക്കു കോടതി മുമ്പാകെ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു പ്രതി. തുടര്‍ന്ന് കോടതി പ്രതിയുടെ പേരിലുള്ള കേസ് മാറ്റിവച്ചശേഷം മറ്റ് പ്രതികളുടെ വിചാരണ നടത്തി തീര്‍പ്പ് കല്പ്പിച്ചു. ഇതിനുശേഷമാണ് മുഖ്യപ്രതി കീഴടങ്ങിയത്.
2002 മേയ് അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. തലേദിവസം ബിജെപി പ്രവര്‍ത്തകനും ബസ് ഡ്രൈവറുമായ ചാവശേരിയിലെ ഉത്തമനെ സംഘം ചേര്‍ന്ന് കൊലപ്പെടുത്തിയിരുന്നു. ഉത്തമന്റെ മരണാന്തര ചടങ്ങില്‍ പങ്കെടുത്ത് ജീപ്പില്‍ മടങ്ങുമ്പോഴായിരുന്നു ബോംബാക്രമണത്തിൽ അമ്മു അമ്മയും ശിഹാബും കൊല്ലപ്പെടുന്നത്. മറ്റു പ്രതികളായ വയലാളി ഗിരീശന്, പി. മനോജ്, എം.പി. ജയരാജ്, എം. ദിലീപ് തുടങ്ങി 24 പ്രതികളെ 2011 ഏപ്രില്‍ 18ന് അന്നത്തെ ജില്ലാ സെഷന്‍സ് ജഡ്ജി തുളസീഭായ് ജീവപര്യന്തം തടവിനും പിഴയടയ്ക്കാനും ശിക്ഷിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ.പ്ലീഡര്‍ കെ.അജിത്കുമാര്‍ ഹാജരായി.