വിമൽജ്യോതിയിൽ സാങ്കേതിക സർവകലാശാല ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന് തുടക്കം
1396044
Wednesday, February 28, 2024 1:34 AM IST
ചെന്പേരി: കേരള സാങ്കേതിക സർവകലാശാല ഹ്യൂമൺ റിസോഴ്സ് ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ചെന്പേരി വിമൽജ്യോതി എൻജിനിയറിംഗ് കോളജിൽ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം ഇന്നലെമുതൽ ആരംഭിച്ചു. മാർച്ച് രണ്ടുവരെ നീണ്ടുനിൽക്കും.
യൂണിവേഴ്സിറ്റി ജോയിന്റ് ഡയറക്ടർ ഡോ. ബിജോയ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ടി.വി. റോഷ്നി അധ്യക്ഷത വഹിച്ചു. യൂണിവേഴ്സിറ്റി സീനിയർ ഗ്രേഡ് അസിസ്റ്റന്റ് എസ്. ആൻ, വിമൽജ്യോതി മാനേജർ ഫാ. ജയിംസ് ചെല്ലങ്കോട്ട് എന്നിവർ പ്രസംഗിച്ചു.
എറണാകുളം മഹാരാജാസ് കോളജ് റിട്ട. പ്രിൻസിപ്പൽ ഡോ. മേരി മെറ്റിൽഡ രാവിലെയുള്ള ക്ലാസുകളും കേരള സെൻട്രൽ യൂണിവേഴ്സിറ്റി പ്രഫ. ഡോ. ജില്ലി ജോൺ ഉച്ചകഴിഞ്ഞുള്ള ക്ലാസുകളും നയിച്ചു.
കൗൺസലിംഗ് അക്കാഡമിക് മെന്ററിംഗ് എന്നീ വിഷയങ്ങളിൽ അധ്യാപകരെ കൂടുതൽ പ്രബുദ്ധരാക്കുകയാണ് ഈ പരിശീലന പരിപാടിയുടെ മുഖ്യലക്ഷ്യം.
വിദ്യാർഥികളുടെ സമഗ്രവ്യക്തിത്വ വികസനം ലക്ഷ്യമാക്കി വിവിധ മേഖലകളിലെ വിദഗ്ധർ നയിക്കുന്ന ക്ലാസുകളും വർക്ക്ഷോപ്പുകളുമാണ് തുടർന്നുള്ള ദിവസങ്ങളിൽ നടക്കുക. മലബാറിലെ വിവിധ കോളജുകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട 30 ഓളം അധ്യാപകരാണ് ഇതിൽ പങ്കെടുക്കുന്നത്.