മുഖ്യമന്ത്രിയുടെ ഫോട്ടോ വച്ച് വോട്ട് ചോദിക്കാൻ എൽഡിഎഫിന് ധൈര്യമുണ്ടോ: രാഹുൽ മാങ്കൂട്ടത്തിൽ
1417050
Thursday, April 18, 2024 1:48 AM IST
പയ്യാവൂർ: പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിലോ മറ്റ് ഏതെങ്കിലും സംസ്ഥാനത്തോ മത്സരിക്കുന്ന ഏതെങ്കിലും സിപിഎം സ്ഥാനാർഥികൾക്ക് കേരള മുഖ്യമന്ത്രിയുടെ ഫോട്ടോ വച്ച് പ്രചാരണം നടത്താൻ ധൈര്യമുണ്ടോ എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. പയ്യാവൂർ പഞ്ചായത്തിലെ കണ്ടകശേരിയിൽ യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരന്റെ പയ്യാവൂർ, ഉളിക്കൽ പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പ് പര്യടനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യംകണ്ട ഏറ്റവും വലിയ ജനദ്രോഹിയായ ഭരണാധികാരിയാണ് നരേന്ദ്ര മോദി.
അദ്ദേഹത്തിന്റെ ജനദ്രോഹ നയങ്ങളെ കടത്തിവെട്ടാനാണ് കേരള മുഖ്യന്റെ ശ്രമം. ഇപ്പോഴത്തെ കേരള മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാൽ ജനങ്ങൾ അടിച്ചോടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ടാണ് അയാളുടെ ഫോട്ടോവച്ച് ഒരു പോസ്റ്റർ അടിക്കാൻ പോലും സിപിഎം സ്ഥാനാർഥികൾ തയാറാകാത്തതെന്നും, എന്നാൽ കേരളത്തിന് പുറത്ത് സിപിഎം സ്ഥാനാർഥികൾ രാഹുൽ ഗാന്ധിയുടെ ഫോട്ടോ വച്ചാണ് പ്രചാരണം നടത്തുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ഇ.കെ. കുര്യൻ അധ്യക്ഷത വഹിച്ചു. സജീവ് ജോസഫ് എംഎൽഎ, യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു, ടി.എൻ.എ. ഖാദർ, കെ.വി. ഫിലോമിന, മുഹമ്മദ് ബ്ലാത്തൂർ, ചാക്കോ പാലയ്ക്കലോടി, റിജിൽ മാക്കുറ്റി, വർഗീസ് വയലാമണ്ണിൽ, ജോസ് വണ്ടാക്കുന്നേൽ, പി.സി. ഷാജി, ബേബി തോലാനി, ഇ.വി. രാമകൃഷ്ണൻ, തോമസ് വക്കത്താനം, വിജിൽ മോഹനൻ, ജോസഫ് ആഞ്ഞിലിതോപ്പിൽ, ജോഷി കണ്ടത്തിൽ, ടി.എ.ജസ്റ്റിൻ, ടെൻസൺ ജോർജ്, ബിജു പുളിയൻതൊട്ടി, ഒ.കെ. ശ്രീധരൻ, പ്രിൻസ് പി. ജോർജ്, സിന്ധു ബെന്നി, ജോസ്മോൻ കുഴിവേലി, എന്നിവർ പ്രസംഗിച്ചു.