‘വാ പിളർന്ന് ’ഓടകള്; യാത്രക്കാർ സൂക്ഷിക്കുക
1582686
Sunday, August 10, 2025 6:17 AM IST
കൊല്ലം: കാൽനട യാത്രക്കാരെ വാരിക്കുഴിയിൽ വീഴ്ത്താൻ വാ പിളർന്നു നഗരത്തിലെ ഓടകൾ. കണ്ണൊന്നു തെറ്റിയാൽ ഓടയിൽ വീണ് അപകടം സംഭവിക്കാം. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ലാബ് തകർന്നും മൂടിയില്ലാതെയും അപകടത്തിലേക്കു തുറന്നിരിക്കുകയാണ് ഓടകൾ.നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിലാണ് ഓടകൾ അപകടക്കെണിയാകുന്നത്.
കൊല്ലം വാട്ടർ അഥോറിറ്റി ഓഫീസിനു സമീപത്തും ചിന്നക്കടയിൽനിന്ന് ആശ്രാമത്ത് പോകുന്ന ഭാഗത്തും ജില്ലാ ജയിലിനു സമീപത്തുമെല്ലാം ഓടകളുടെ സ്ലാബുകൾ ക്രമം തെറ്റിയും തകർന്നും കിടക്കുകയാണ്.
ചില സ്ലാബുകളുടെ ഒരുവശം ഉയർന്നു നിൽക്കുന്നതും ചിലയിടത്ത് സ്ലാബുകൾക്കിടയിൽ വിടവുള്ളതും അപകടസാധ്യത വർധിപ്പിക്കുന്നു. പൊങ്ങി നിൽക്കുന്ന സ്ലാബുകളിൽ തട്ടി വീഴാനുള്ള സാധ്യതയും കൂടുതലാണ്.
രാത്രികാലങ്ങളിലാണ് അപകട സാധ്യത വർധിപ്പിക്കുന്നത്. ചില ഭാഗങ്ങളിൽ വെളിച്ചക്കുറവുമൂലം സ്ലാബ് തകർന്നുകിടക്കുന്നതു ശ്രദ്ധയിൽപ്പെടില്ല.നടപ്പാതയിൽ പലഭാഗത്തും പുല്ല് മൂടിയ നിലയിലാണ്. ഇവിടങ്ങളിൽ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്.
നടപ്പാതയിൽ കുപ്പിച്ചില്ലുകളും മദ്യക്കുപ്പികളും കേബിളും മറ്റും കിടക്കുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇതുകൂടാതെ കൊള്ളാവുന്ന സ്ലാബുകളുള്ള സ്ഥലങ്ങളിൽ കൈയേറി തട്ടുകടകളും വാഹനപാർക്കിംഗും കാണാം.
ഏതായാലും കാൽനടയാത്രക്കാരെ വഴി നടത്തില്ല.ഓടകൾക്കു മൂടി ഇല്ലാത്തതിനാൽ ചെറിയ മഴ പെയ്താൽ പോലും മാലിന്യം വിണ്ടും ഓടയിലേക്ക് നിറയുന്ന അവസ്ഥയാണ് .
മഴയൊന്നു പെയ്തുപോയാൽ ഓടകൾ നിറഞ്ഞു വെള്ളം റോഡിലേക്ക് ഒഴുകും. ഓടകളിലെ മാലിന്യമെല്ലാം റോഡിലേക്കും യാത്രക്കാരിലേക്കും നിറയുന്ന രീതിയിലാണ് കാര്യങ്ങൾനീങ്ങുന്നത്. ഓടകൾക്ക് സ്ലാബില്ല. സ്ലാബുകളുള്ള ഓടകൾ തകർന്നും കിടക്കുന്നു.
ഓടകളിലെ മാലിന്യമെല്ലാം സമയത്തിനു കോരിമാറ്റിയാൽ പോലും കുറച്ചു പ്രശ്നങ്ങൾ തീരും.ഇത് കൊല്ലം നഗരത്തിന്റെ സ്ഥിതിമാത്രമല്ല. ജില്ലയിലെ എല്ലാ നഗരത്തിലും ഇതാണ് അവസ്ഥ. പല വാഹനങ്ങളും ഓടകളിലേക്ക് ഇറങ്ങി അപകടപ്പെടുന്നു. യാത്രക്കാർ സ്ലാബില്ലാത്ത ഓടകളിൽ വീഴുന്നു.
അങ്ങനെ നഗരത്തിലെങ്ങും കാൽനടക്കാർക്ക് അപകടക്കെണിയൊരുക്കി സ്ലാബ് തകർന്ന ഓടകൾ. പലരും രക്ഷപ്പെടുന്നത് ആയുസിന്റെ ബലത്തിലാണ്. രാത്രികാലങ്ങളിൽ നഗരത്തിലെങ്ങും ഞാണിന്മേൽക്കളിയാണ് കാൽനടയാത്ര. മിക്കയിടത്തും തെരുവുവിളക്കുകൾ കത്താത്തതാണ് അപകടമുണ്ടാക്കുന്നത്.
കോൺക്രീറ്റ് സ്ലാബുകൾനഗരവഴികളിൽ ഏറെ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രശ്നം നടപ്പാതകളിലെ കോൺക്രീറ്റ് സ്ലാബുകളിലെ വിടവുകളും അശാസ്ത്രീയമായ രീതികളുമാണ്.
പലയിടത്തും കോൺക്രീറ്റ് സ്ലാബുകൾക്കു മുകളിൽ പഴയ സ്ലാബുകൾ കിടക്കുന്നതും അപകട ഭീഷണി ഉയർത്തുന്നു.
രാവിലെയും വൈകുന്നേരവും നടപ്പാതയിലും റോഡുകളിലും വൻതിരക്കാണ് അനുഭവപ്പെടുന്നത്. ഈ സമയങ്ങളിൽ കോൺക്രീറ്റ് സ്ലാബുകൾ തെറ്റായി കിടക്കുന്നത് അപകടം ക്ഷണിച്ചു വരുത്തും.
അപകടം വരുത്തുന്ന കോൺക്രീറ്റ് സ്ലാബുകൾ മാറ്റി വിടവുകൾ നികത്തിയും ശരിയാക്കാൻ കഴിഞ്ഞാൽ വഴികളിലെ അപകടഭീഷണി ഒരു പരിധി വരെ ഒഴിവാക്കാൻ കഴിയും.
നോക്കിനടന്നാൽ പ്രശ്നം തീരുമോ .നോക്കി നടന്നാലും പ്രശ്നം അവസാനിക്കുന്നില്ല. പ്രശ്നം അവസാനിക്കണമെങ്കിൽ ഓടകൾ വൃത്തിയാക്കി, സ്ലാബുകൾ പാകുക മാത്രമാണ്.
കാൽനടയാത്രക്കാർക്ക് ഈ നിരത്തിലൂടെയെല്ലാം നടക്കാനുള്ള അവസരം നല്കുക.
ഫുട്പാത്തുകൾ കവർന്നു കച്ചവടം നടത്തുന്നവരെയും വാഹനം പാർക്ക് ചെയ്യുന്നവരെയും അത് ഏതു മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരായാലും നടപടി വേണമെന്നു സാരം.
ഇനിയെങ്കിലും ഉണർന്നു പ്രവർത്തിക്കാൻ ഉദ്യോഗസ്ഥർക്കും വകുപ്പുകൾക്കും സാധിക്കണം.