വഴിമുടക്കികളായി കോൺക്രീറ്റ് മാലിന്യങ്ങൾ
1583280
Tuesday, August 12, 2025 6:22 AM IST
കൊല്ലം: നാട് വികസിക്കണം. വികസനപ്രവർത്തനങ്ങൾ നടക്കുകയും വേണം. നാടിന്റെവികസനത്തിനു നിർമാണപ്രവർത്തനങ്ങളും ആവശ്യമാണ്. എന്നാൽ നാട് നശിക്കുന്ന രീതിയിൽ നിർമാണപ്രവർത്തനങ്ങൾ നടത്തുന്ന രീതിയാണ് തെറ്റ്.
കൊല്ലം നഗരത്തിലൂടെ ഒന്നു സഞ്ചരിച്ചാൽ കെഎസ്ഇബിയുടെ കന്പികളും ഇലക്ട്രിക് പോസ്റ്റുകളും പൊതുമരാമത്ത് വകുപ്പിന്റെ കോൺക്രീറ്റ് അവശിഷ്ടങ്ങളും റോഡിലെ ടാറുകളും ജലസേചനവകുപ്പിന്റെ വാട്ടർ പന്പുകൾ വരെ കിടക്കുന്നതു കാണാം. മാലിന്യം തള്ളുന്നതുപോലെ പാറകളും മണ്ണുംകല്ലും കോൺക്രീറ്റ് അവശിഷ്ടങ്ങളും തള്ളിയിരിക്കുന്നു.
കൊല്ലം കമ്മീഷണർഓഫീസിനു മുന്നിലുള്ള മേൽപ്പാലത്തിന് താഴെ കോൺക്രീറ്റ് അവശിഷ്ടങ്ങളും സ്ലാബുകളും പാറകളും കൊണ്ടുനിറഞ്ഞിരിക്കുകയാണ്. മേൽപ്പാലം നിർമിച്ചപ്പോൾ തള്ളിയ പാറകളുംമാലിന്യങ്ങളും ഇവിടെ കിടപ്പുണ്ട്. ഓവർ ബ്രിഡ്ജിന്റെ നിർമാണപ്രവർത്തനം പൂർത്തിയായി വാഹനം ഓടാൻ തുടങ്ങിയിട്ടു നാലുവർഷം കഴിഞ്ഞിട്ടും ഇതൊന്നും എടുത്തുമാറ്റാൻആരും വന്നില്ല.
കമ്മീഷണർഓഫീസിനുസമീപമുള്ള ഓടനിർമാണത്തിലെ അവശിഷ്ടങ്ങളാണ് ഇവിടെ തള്ളിയത്. ഓട നിർമിച്ചാൽ പണം കിട്ടുമെന്നതുകൊണ്ട് ഒരു റോഡിൽതന്നെ രണ്ടുവശത്തും മനോഹരമായ ഓടനിർമിച്ചു. ഓട നിർമിക്കുന്നതും വെള്ളം ഒഴുകി പോകുന്നതും നല്ലതുതന്നെ. എന്നാൽ ഓടയ്ക്കുവേണ്ടി എടുത്ത മണ്ണും കല്ലും നിർമാണപ്രവർത്തനത്തിലെ കോൺക്രീറ്റ് അവശിഷ്ടങ്ങളും തള്ളാൻ നഗരത്തിനുള്ളിലെ സ്ഥലം മാത്രമേ കിട്ടിയുള്ളോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിനുമുന്നിൽ മരം മുറിച്ച അവശിഷ്ടങ്ങളും മരത്തടികളും കിടപ്പുണ്ട്. കെഎസ്ഇബി നിർമാണപ്രവർത്തനത്തിനിറങ്ങിയാൽ ഒടിഞ്ഞുകിടക്കുന്ന പോസ്റ്റുകളെല്ലാം എടുത്തുകൊണ്ടു പോകാറുള്ളതാണ്. എന്നാൽ ആശ്രാമം റോഡിലേക്കൊന്നും ഇറങ്ങി നോക്കിയാൽ കോൺക്രീറ്റ് പോസ്റ്റുകൾ കിടക്കുന്നതുകാണാം.ആരും എടുത്തുകൊണ്ടു പോയിട്ടില്ല.
എവിടെയെങ്കിലും നിർമാണപ്രവർത്തനം നടത്തിയാൽ മിച്ചംവരുന്നതു തള്ളുന്നതു റോഡിലാകരുത്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധിക്കുന്ന മേഖലകളിൽ പോലും അവശിഷ്ടങ്ങൾ തള്ളിയിരിക്കുകയാണ്. ഇതൊന്നും ആരും എടുത്തുകൊണ്ടു പോകുന്നില്ല. ഇനി ഇതെല്ലാം എടുത്തുകൊണ്ടു പോകാൻ പുതിയകോൺട്രാക്ടർമാർ എത്തേണ്ടിവരും. അതുവരെ ഇതെല്ലാം ഇവിടെ തന്നെ കാണും.
പാർക്കിംഗ് പ്രശ്നവും ട്രാഫിക് പ്രശ്നവും നിറഞ്ഞുനിൽക്കുന്ന കൊല്ലം നഗരത്തിൽ എന്തിനാണ് ഇത്തരം അവശിഷ്ടങ്ങൾ തള്ളുന്നതെന്നുമാത്രം മനസിലാകുന്നില്ല. വാഹനങ്ങൾക്കു പാർക്കിംഗ് ഏരിയ പോലും നിർമിച്ചു കൊടുക്കാവുന്ന സ്ഥലങ്ങളിൽ പോലും മാലിന്യങ്ങൾ നിക്ഷേപിക്കുകയാണ്. ഇതൊരു പരിഹാരം അധികാരികളാണ് സ്വീകരിക്കേണ്ടത്. വകുപ്പുകൾ കൂടുതൽ ജാഗ്രത പാലിക്കണം. അപ്പോഴത്തെ പണി പൂർത്തിയാക്കി കൈയും കഴുകി പോകാനുള്ളവരല്ല സർക്കാർ ഉദ്യോഗസ്ഥരെന്ന് മനസിലാക്കണം. ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.