കലാപങ്ങൾ നേരിടാന്‍ മോക്ഡ്രില്‍ നടത്തി പോലീസ്
1582526
Saturday, August 9, 2025 6:22 AM IST
കൊല്ലം: ആള്‍ക്കൂട്ടം പാഞ്ഞടുത്താലും കോലം കത്തിച്ച് തീപടര്ത്തിയാലും വടിയെടുത്താലും കല്ലെടുത്താലും നേരിടാന്‍ സുസജ്ജമാണ് എപ്പോഴും കേരള പോലിസ്. സേനയുടെ കാര്യക്ഷമതയുടെ മാറ്റുരച്ചുനോക്കുന്നതിനായി ആശ്രാമം മൈതാനത്ത് സിറ്റി പോലിസ് കമ്മിഷണര്‍ കിരണ്നാരായണന്റെ നേതൃത്വത്തിൽ ഇതിന്റെ ഭാഗമായി മോക്ഡ്രില്‍ (തയാറെടുപ്പ് പരിശീലനം) നടത്തി.
ചാത്തന്നൂര്‍, കരുനാഗപ്പള്ളി, എഴുകോണ്‍ സബ് ഡിവിഷനുകളിലെയും എആര്‍ ക്യാമ്പിലെയും 46 ഉദ്യോഗസ്ഥരാണ് പരിപാടിയിൽ പങ്കെടുത്തത്.
നാഷണല്‍ പോലീസ് അക്കാദമിയില്‍നിന്ന് വിരമിച്ച ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ കെ.എന്‍. സോമനും കേരള പോലീസ് അക്കാദമിയില്‍ നിന്നുള്ള വിദഗ്ധ പരിശീലകരുമാണ് മോക്ക് ഡ്രില്‍ നയിച്ചത്.8.30ന് ആരംഭിച്ച മോക്ക് ഡ്രില്‍ ഒരുമണിക്കൂറിലാണ് പൂര്‍ത്തിയായത്.
ആദ്യം ലാത്തിചാര്‍ജ്, ജനക്കൂട്ടം കൂടുതല്‍ അക്രമത്തിലേക്ക് നീങ്ങുമ്പോള്‍ ഗ്രനേഡ് പ്രയോഗം. കോലം കത്തിക്കുമ്പോള്‍ ഫയര്‍ഫോഴ്സ് തീ അണയ്ക്കുന്നതും പരിക്കേല്‍ക്കുന്നവരെ ആംബുലന്സിലെത്തിച്ചുള്ള രക്ഷാപ്രവര്‍ത്തനവും പോലീസ് വാഹനആക്രമണപ്രതിരോധവും ഒക്കെ മോക്ക് ഡ്രില്ലിൽ അവതരിപ്പിച്ചു.