ജയിൽ ചട്ടങ്ങൾ ലംഘിച്ച് റീൽസെടുത്തു: ജിം സന്തോഷ് കൊലക്കേസിലെ വിചാരണ തടവുകാർക്കെതിരേ കേസെടുത്തു
1582519
Saturday, August 9, 2025 6:22 AM IST
കരുനാഗപ്പള്ളി: ജിം സന്തോഷ് കൊലക്കേസിലേ വിചാരണ തടവുകാരായ അതുൽ, മനു എന്നിവർ ജയിൽ ചട്ടങ്ങൾക്ക് വിരുദ്ധമായി വീഡിയോ ദൃശ്യങ്ങൾ പകർത്തി റീൽസ് ആക്കി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ എട്ട് പ്രതികൾ അറസ്റ്റിലായി.
ഓച്ചിറ അമ്പലശേരിയിൽ അമ്പാടി (24), മരു.തെക്ക് റോഷ് ഭവനത്തിൽ റോഷൻ (38), ഓച്ചിറ ശ്രീകൃഷ്ണ വിലാസത്തിൽ അനന്തകൃഷ്ണൻ(24), ഓച്ചിറ കൊച്ചുപുര കിഴക്കതിൽ അജിത്(28), മഠത്തിൽ കാരായ്മ പഞ്ചകതറയിൽ ഹരികൃഷ്ണൻ(26), മഠത്തിൽ കാരായ്മ ദേവസുധയിൽ ഡിപിൻ(26), മണപ്പള്ളിയിൽ തണ്ടളത്ത് മനോഷ് (36), വള്ളികുന്നത്ത് അഖിൽ ഭവനത്തിൽ അഖിൽ (26) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
ജൂലൈ 28ന് കരുനാഗപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണക്കായി ജിം സന്തോഷ് വധക്കേസിലെ പ്രതികളെ എത്തിച്ചപ്പോഴായിരുന്നു സംഭവം . നിരോധിത ഉത്പന്നങ്ങൾ വിചാരണ തടവുകാർക്ക് പ്രതികൾ കൈമാറിയിരുന്നു.
ഇവർ പകർത്തിയ ദൃശ്യങ്ങൾ റീൽസായി സമുഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് സമൂഹത്തിന് അപകടകരമായ സന്ദേശം നൽകിയെന്ന് കരുനാഗപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പറഞ്ഞിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പോലീസ് വിഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പിടികൂടുകയായിരുന്നു.