ഭിന്നശേഷിക്കാരനെന്നു രേഖപ്പെടുത്തിയില്ല; പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
1582521
Saturday, August 9, 2025 6:22 AM IST
കൊല്ലം : പിഎസ്സി റാങ്ക് പട്ടിക തയാറാക്കിയ വേളയിൽ റിമാർക്സ് കോളത്തിൽ ഭിന്നശേഷിവിഭാഗത്തിലുള്ളയാൾ എന്നു രേഖപ്പെടുത്താത്തതു കാരണം അവസരം നഷ്ടമായെന്ന പരാതി കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടർ പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത.
രേഖപ്പെടുത്താൻ വിട്ടു പോയതു ക്ലറിക്കൽ പിശകാണെന്ന വിദ്യാഭ്യാസ ഉപഡയറക്ടറുടെ ലളിതമായ ഉത്തരത്തെ കമ്മീഷൻ വിമർശിച്ചു. ഇതു മറ്റാരെയോ സഹായിക്കാൻ വേണ്ടി മനഃപൂർവം ചെയ്തതാണെന്നു പരാതിക്കാരനായ കൊട്ടാരക്കര കുടവത്തൂർ സ്വദേശി യദുലാൽ ആരോപിച്ചു.
അപാകത പരിഹരിച്ച് ഭിന്നശേഷി വിഭാഗത്തിൽ വെയിറ്റിംഗ് ലിസ്റ്റിൽ ഒന്നാം നമ്പറായി പരാതിക്കാരനെ ഉൾപ്പെടുത്തിയെങ്കിലും മെറിറ്റ് ലിസ്റ്റിലുള്ളവർ ഹാജരായതു കാരണം പരാതിക്കാരന്റെ അവസരം നഷ്ടമായി.
പരാതിക്കാരനേക്കാൾ കുറഞ്ഞ മാർക്കുള്ളവർക്കു പട്ടികയിൽ ഇടം ലഭിച്ചെന്നുമുള്ള ആരോപണം പരിശോധനാവിധേയമാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.