വിശക്കുന്ന വയറിന് ‘ഒരു പൊതി ചോറ് ’ നൽകി വിദ്യാർഥികൾ
1582528
Saturday, August 9, 2025 6:22 AM IST
കൊല്ലം: വിശക്കുന്ന വയറിന് ഒരു പൊതി ചോറ് നല്‍കുക എന്ന നന്മയുള്ള ആശയവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് കൊല്ലം ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികള്‍. സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ചയുമാണ് പൊതിച്ചോറു വിതരണം.
ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിയിരിപ്പുകാർക്കുമാണ് പൊതിച്ചോറ് വിതരണം ചെയ്യുന്നത്. ജില്ലയിലെ ഏറ്റവും പഴക്കമുള്ള സ്കൂളുകളിൽഒന്നായ ഈ സ്കൂളിന്റെ ആപ്തവാക്യം പോലെ ദൈവത്തെ സേവിക്കുകയാണ് ഇവർ ഈ അന്നദാനത്തിലൂടെ.
പൊതിച്ചോറ് കുട്ടികള്‍ വീടുകളില്‍ നിന്നു കൊണ്ടു വരും. അധ്യാപകരുമൊത്ത് ജില്ലാ ആശുപത്രിയിലെത്തി കൊടുക്കും. എല്ലാ വെള്ളിയാഴ്ചയും ഒന്നോ രണ്ടോ വാഹനങ്ങൾ അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പോകുന്നുണ്ട്. എല്ലാ വരും ഒരു പൊതിച്ചോറുമായി സ്കൂളിലെത്തും. വളരെ സ്നേഹത്തോടെ താത്പര്യത്തോടെ അവർ അത് വിദ്യാർഥി പ്രതിനിധികളെ ഏൽപിക്കും.
ഈ സ്കൂളിന്റെ മുൻ പ്രിൻസിപ്പൽ ജി. ഫ്രാൻസീസിന്റെ കാലത്താണ് പൊതിച്ചോറ് വിതരണം ആരംഭിച്ചത്. അന്നും ഇന്നും എൻഎസ്എസ് വോളണ്ടിയർമാരാണ് ഇതിന്റെ പ്രവർത്തനവുമായി മുന്നോട്ടു പോകുന്നത്.
ഇപ്പോഴത്തെ പ്രിൻസിപ്പൽ എ. റോയ്സ്റ്റന്റെ നിർദേശവും പിന്തുണയും ഏറ്റുവാങ്ങി എൻഎസ്എസ് പ്രോഗ്രാം ഓഫീസറും പൊളിറ്റിക്കൽ സയൻസ് അധ്യാപികയുമായ എ. മഡോണയും ലീഡർമാരായ അതുൽ കൃഷ്ണ, ജെഫ്രീൻ, മുബീന മുനീർ എന്നിവരുടെ നേതൃത്വത്തിലാണ് പൊതിച്ചോറിന്റെ പ്രവർത്തനം മുന്നോട്ടു പോകുന്നത്.
ഇവരെ സഹായിക്കാൻ പത്തോളം വോളണ്ടിയർമാർ സദാസന്നിഹിതരായിട്ടുണ്ട്. സ്കൂൾ മാനേജ്മെന്റിന്റെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും സ്നേഹവുംസഹകരണവുമാണ് ഈ പദ്ധതിയുടെ വിജയമെന്ന് കുട്ടികൾ പറയുന്നു.