തെന്മലയില് പുലിയെത്തിയ ഭാഗത്ത് വനംവകുപ്പ് കാമറ സ്ഥാപിച്ചു
1582531
Saturday, August 9, 2025 6:28 AM IST
തെന്മല : തെന്മലയില് പുലിയിറങ്ങി വളര്‍ത്തുനായയെ പിടിച്ച സംഭവത്തില്‍ പ്രദേശത്ത് വനം വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കി. തെന്മല റേഞ്ചില്‍ തെന്മല സെക്ഷനില്‍ ഉള്‍പ്പെടുന്ന നാലപ്പതാംമൈല് ഭാഗത്താണ് കഴിഞ്ഞ ദിവസം പുലിയിറങ്ങുകയും പ്രേംജിത്ത് എന്നയാളുടെ വളര്‍ത്ത് നായയെ വീട്ടിനുള്ളില്‍ കയറി കടിച്ചെടുത്ത് പോവുകയും ചെയ്തത്.
പുലിയെത്തിയതും നായയെ ആക്രമിച്ചു കൊണ്ടുപോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ജനങ്ങള്‍ക്കിടയില്‍ വലിയ തരത്തില്‍ ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. ഇതോടെയാണ് തെന്മല റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ശെല്‍വരാജിന്റെ നേതൃത്വത്തില്‍ വനപാലകരും ആര്‍ആര്‍ടി സംഘവും വനമേഖലയില്‍ തെരച്ചില്‍ നടത്തിയത്.
പുലിയുടെ സാന്നിധ്യം കണ്ടെത്തിയ സ്ഥലത്തു കാമറ ട്രാപ് സ്ഥാപിച്ചിട്ടുണ്ട്. നിരീക്ഷണം തുടരുമെന്നും കൃത്യമായി തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ പ്രദേശത്ത് കൂട് സ്ഥാപിക്കുമെന്നും വനപാലകര്‍ അറിയിച്ചു.
രാത്രിയില്‍ അസ്ക ലൈറ്റ് സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം ജനങ്ങള്‍ ആശങ്കയിലും പ്രതിഷേധത്തിലുമാണ്. പുലിയെ കണ്ടെത്തിയ സ്ഥലത്ത് നിന്നും ഏകദേശം രണ്ടു കിലോമീറ്റര്‍ അകലെയാണ് വനാതിര്‍ത്തി. പുലിയിറങ്ങിയതു അങ്കണവാടി, ലക്ഷം വീട് കോളനി ഉള്‍പ്പെടെ വലിയ ജനസാന്ദ്രതയേറിയ സ്ഥലത്താണ്.
ഒരുതവണ വരികയും നായയെ ആക്രമിച്ചു കൊണ്ടുപോവുകയും ചെയ്ത സാഹചര്യത്തില്‍ വീണ്ടും പുലി ഇറങ്ങാന്‍ സാധ്യത കൂടുതലാണെന്ന് നാട്ടുകാര്‍ പറയുന്നു. വനം വകുപ്പ് നടപടി ഊര്‍ജിതമാക്കിയില്ലെങ്കില്‍ ജനകീയ പ്രതിഷേധം ഉയര്‍ത്തനാണ് നാട്ടുകാരുടെ തീരുമാനം.