ചെമ്പക കുട്ടിയ്ക്ക് ‘സ്നേഹവീട്’ നിർമിച്ച് നൽകി യുവം ക്ലബ്
1582533
Saturday, August 9, 2025 6:28 AM IST
ജിജുമോൻ മത്തായി
പുത്തൂർ : ചോർന്ന് ഒലിക്കുന്ന പ്ലാസ്റ്റിക്ക് വിരിച്ച കൂരയിൽ ഇന്നലെ വരെ അന്തിയുറങ്ങിയ ചെമ്പകകുട്ടി അമ്മയ്ക്ക് പുത്തൂരിലെ ഒരുകൂട്ടം നന്മ മനസുള്ള യുവാക്കൾ വീടൊരുക്കി നൽകി. ആരും തുണയില്ലാതെ ചോർന്ന് ഒലിക്കുന്ന പ്ലാസ്റ്റിക്ക് കൂരയിൽ ജീവിതം തള്ളി നീക്കിയ പുത്തൂർ ചെറുപൊയ്ക പനാറുവിള വടക്കേതിൽ ചെമ്പകകുട്ടിയ്ക്ക് ഇനി മുതൽ സുരക്ഷിതമായി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം.
ചെറുപൊയ്ക യുവം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെനേതൃത്വത്തിൽ ആണ് ചെമ്പകക്കുട്ടിക്ക് വേണ്ടി സ്നേഹവീട് നിർമിച്ച് നൽകിയത്. സ്നേഹ വീടിന്റെ താക്കോൽ പുത്തൂർ എസ്ഐ ടി.ജെ. ജയേഷ് ചെമ്പക കുട്ടിയ്ക്ക് കൈമാറി. യുവം ക്ലബ് പ്രസിഡന്റ് ശിഖിൽ എസ്.ദാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഏക മകനും ഒപ്പമുണ്ടായിരുന്ന സഹോദരങ്ങളും മരിച്ചതോടെയാണ് ചെമ്പക കുട്ടി ഒരാശ്രയവും ഇല്ലാതെ തനിച്ചാവുന്നത്. നല്ലൊരു കാറ്റ് വീശിയാൽ തകർന്നു വീഴാവുന്ന കൂരയിൽ ജീവൻ എപ്പോൾ വേണമെങ്കിലും അപകടത്തിലായേക്കുമെന്ന ഭയത്തോടെയായിരുന്നു ചെമ്പകക്കുട്ടിയുടെ ഇന്നലെ വരെയുള്ള ജീവിതം.
സമയാസമയങ്ങളിൽ അറ്റകുറ്റപ്പണി ചെയ്യാഞ്ഞതിനാൽ പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കൂര തകർച്ചയുടെ വക്കിലായിരുന്നു.മഴക്കാലത്ത് കസേരയിൽ ഇരുന്ന് നേരം വെളുപ്പിച്ച ദിവസങ്ങളും അവർക്ക് ഉണ്ടായിട്ടുണ്ട്. ചെമ്പക കുട്ടിയുടെ ദുരവസ്ഥ നാട്ടിലെ യുവാക്കളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് യുവം ക്ലബ് വീട് നിർമിച്ച് നൽകാൻ തീരുമാനിക്കുന്നത്.
കാരുണ്യ മനസുകളുടെ സഹായത്തോടെയാണ് വീടിന്റെ പണി പൂർത്തിയാക്കുന്നത്.