കുട്ടി മനസിൽ വർണം വിതറി കളർ ഇന്ത്യ
1582520
Saturday, August 9, 2025 6:22 AM IST
കൊല്ലം: പങ്കാളിത്തംകൊണ്ടും ഇന്ത്യ എന്ന വികാരംകൊണ്ടും ദീപിക കളർ ഇന്ത്യ മത്സരം ജില്ലയിൽ വർണാഭമായി. കൊല്ലം മേഖലയിലും പുനലൂർ മേഖലയിലുമായി 250ഓളം സ്കൂളുകളിൽനിന്നും നൂറുക്കണക്കിനു വിദ്യാർഥികളാണ് വർണത്തിൽ പുതുലോകം സൃഷ്ടിച്ചത്. ദേശീയതയും സാഹോദര്യവും മനസിൽ നിറച്ചൊരു ജീവിതം സ്വപ്നം കാണുന്ന പുതുതലമുറയുടെ മനസിലേക്കു മയക്കുമരുന്നിനെതിരേയുള്ള ചിന്തകളും നിറച്ചാണ് ദീപിക കളർ ഇന്ത്യ മത്സരം ഛായമിട്ടത്.
എൽകെജി മുതൽ പ്ലസ് ടുവരെയുള്ള കുട്ടികളാണ് വിവിധ വിഭാഗങ്ങളിലായി ഈ മത്സരത്തിൽ അണിചേർന്നത്. ജില്ലയിലെ മുഴുവൻ സ്കൂളുകളും മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു.
കൊല്ലം മേഖലയിൽ ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിലാണ് കളർ ഇന്ത്യ മത്സരത്തിന്റെ ജില്ലാതല ഉദ്ഘാടനം നടന്നത്.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജി.നിർമൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. ദേശീയത, സാഹോദര്യം എന്ന ആശയങ്ങൾ കുട്ടികളുടെ മനസിലേക്കു നിറയ്ക്കുന്ന വിധത്തിൽ കേരളത്തിലെ മുഴുവൻ സ്കൂളുകളെയും ഉൾപ്പെടുത്തിയുള്ള ദീപികയുടെ പ്രവർത്തനം ശ്ലാഘനീയമാണെന്ന് നിർമൽകുമാർ അഭിപ്രായപ്പെട്ടു. മയക്കുമരുന്നിനെതിരേയുള്ള പോരാട്ടത്തിനു ദീപിക മുന്നിൽ നിൽക്കുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ എ.റോയ്സ്റ്റൺ അധ്യക്ഷത വഹിച്ചു.
ദീപിക കൊല്ലം രൂപത കോർഡിനേറ്റർ ഫാ. ലാസർ എസ്. പട്ടകടവ്, ദീപിക ബ്യൂറോ ചീഫ് ജോൺസൺ വേങ്ങത്തടം, ദീപിക സർക്കുലേഷൻ ഏരിയ മാനേജർ സുധീർ തോട്ടുവാൽ തുടങ്ങിയവർ പ്രസംഗിച്ചു. അനില എസ്. സ്കറിയ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
പുനലൂർ മേഖലയിൽ ദീപിക കളർഇന്ത്യമത്സരത്തിനു കുട്ടികളുടെ സജീവപങ്കാളിത്വമാണ് ഉണ്ടായിരുന്നത്. ആര്യങ്കാവ് സെന്റ് മേരീസ് ഹൈസ്കൂളിൽ സ്കൂൾ മാനേജർ ഫാ. ഫിലിപ്പ് തയ്യിൽ ദീപിക കളർ ഇന്ത്യമത്സരം ഉദ്ഘാടനം ചെയ്തു.
ലഹരിയ്ക്കെതിരേയുള്ള പോരാട്ടവും ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും ഊട്ടിഉറപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ദീപികയുടെ പോരാട്ടത്തിൽ കുട്ടികൾ ആവേശത്തോടെയാണ് പങ്കെടുക്കുന്നതെന്നു ഫാ. ഫിലിപ്പ് തയ്യിൽ പറഞ്ഞു. വിദ്യാർഥി പ്രതിനിധി എം.എസ് മിഥുൻ ദേശിയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഹെഡ് മാസ്റ്റർ ഷാനിൽ ജോസഫ്, അധ്യാപകരായ സിസ്റ്റർ റീബ സിഎംസി, വി.കെ. റോയി, ജോസഫ് തോമസ്, സോഫിയ മരിയ,ജിഷ ജോർജ്, കസാഡ്ര നെറ്റോ, ഷെബിൻ ജോസഫ് , ദീപിക പുനലൂർ സർക്കുലേഷൻ മാനേജർ വർഗീസ് ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി. ജിൽസ് അഗസ്റ്റിൻ യോഗത്തിനു നന്ദി പറഞ്ഞു.
ആര്യങ്കാവ് സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം, സെന്റ് മേരീസ് യു പിഎസ്, സെന്റ് മേരീസ് എച്ച്എസ് തുടങ്ങിയ സ്കൂളുകളിൽ നിന്നും മുഴുവൻ കുട്ടികളും മത്സരത്തിൽ പങ്കെടുത്തു.