അപകടകാരികളായി തെരുവുനായ്ക്കൾ : സൂക്ഷിച്ചില്ലേൽ കടി കിട്ടും
1582527
Saturday, August 9, 2025 6:22 AM IST
കൊല്ലം: ജില്ലയിൽ തെരുവുനായ അക്രമം അടിക്കടി കൂടി വരികയാണ്. ബീച്ച്, പൊതുനിരത്തുകള്‍, ഗ്രാമീണ റോഡുകള്‍, ഇടവഴികള്‍, ബസ് സ്റ്റാന്‍ഡ്, സ്കൂളുകള്‍, ആശുപത്രികള്‍ തുടങ്ങി എല്ലായിടങ്ങളിലും തെരുവുനായ്ക്കളുടെ വിഹാരമാണ്. മനുഷ്യൻ വലിച്ചെറിയുന്ന മാലിന്യകൂന്പാരങ്ങളിലും ഇവയെ കാണാം.
വഴിയിലിറങ്ങി നടക്കാൻ സാധിക്കാത്തഅവസ്ഥ. എപ്പോഴാണ് കടിക്കുന്നതെന്നു മാത്രം പറയാൻ സാധിക്കില്ല. മനുഷ്യൻതന്നെ സ്നേഹത്തോടെ ഭക്ഷണം നൽകി വളർത്തുന്ന തെരുവുനായ്ക്കളും തെരുവ് കീഴടക്കുകയാണ്. ആരും നിയന്ത്രിക്കാനില്ലാത്ത അവസ്ഥ. വാഹനങ്ങളുടെ ഇടയിലൂടെ പായുന്ന ഇവ അപകടം വിളിച്ചുവരുത്തുകയാണ്.
എത്രയെത്ര സംഭവങ്ങളാണ് നമുക്കുചുറ്റും നടക്കുന്നത്. തെരുവുകൾ കീഴടക്കി നായകൾ പായുന്പോൾ പേടിച്ചുമാറിനിൽക്കുകയാണ് പൊതുജനം. ആര് ആരോട് പറയാൻ എന്നതുപോലെ ആരോടും പറഞ്ഞിട്ടുകാര്യമില്ല. ബസ് സ്റ്റാൻഡിലും കടയിലും വഴിയിലും ഇവയുടെ സാന്നിധ്യമുണ്ട്. മാലിന്യം വലിച്ചെറിഞ്ഞുകൊടുത്താണ് നമ്മൾ ഇവയെ ഇത്രയേറെ വളർത്തിയത്. കുട്ടികൾക്കും വഴിയാത്രക്കാർക്കുപോലും പുറത്തിറങ്ങാൻ സാധിക്കുന്നില്ല.
ഏപ്രിൽ-മേയ് മാസങ്ങളിൽ മാത്രം എത്രയേറെ ആക്രമണങ്ങളാണ് തെരുവുനായകളുടെ ഭാഗത്തുനിന്നുമുണ്ടായത്. കൊല്ലം കുരീപ്പള്ളിയില്‍ ഏപ്രിലാണ് തെരുവുനായകളുടെ കടിയേറ്റ് എട്ടുവയസുകാരന് ഉള്‍പ്പെടെ അഞ്ചുപേർക്കു പരിക്കേറ്റത്. തൃക്കോവില്‍വട്ടം പഞ്ചായത്തിലെ പാലമുക്ക് വയലില്‍ കുരിശടിക്കു സമീപമാണ് പ്രദേശത്ത് പതിവായി കണ്ടിരുന്ന നായ ആക്രമണകാരിയായത്. കൃഷിയിടത്തില്‍ നിന്നവരെ പോലും കടിച്ചു.
മേയ്മാസത്തിൽ കൊല്ലത്ത് തെരുവുനായയുടെ ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. കൊല്ലം അലയമണ്‍ കരുകോണിലാണ് സംഭവം. പരിക്കേറ്റവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ഓച്ചിറ ക്ലാപ്പനയില്‍ തെരുവുനായ്ക്കള്‍ കൂടുപൊളിച്ച് 30 കോഴികളെ കൊന്നു.
2019ലെ ലൈവ്സ്റ്റോക്ക് സെന്‍സസ് പ്രകാരം 2,89,986 ആയിരുന്നു തെരുവുനായകളുടെ എണ്ണമെങ്കില്‍ ഇപ്പോഴതു നാലുലക്ഷത്തിലേറെയായി. തെരുവുനായ ശല്യം രൂക്ഷമാകുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കൊന്നൊടുക്കുകയായിരുന്നു പതിവ്. 1994ലെ പഞ്ചായത്ത് ആക്ടും മുനിസിപാലിറ്റി ആക്ടും പ്രകാരം മനുഷ്യർക്കു ഭീഷണി ഉയര്‍ത്തുന്ന അക്രമാസക്തരായ തെരുവുനായകളെയും പന്നികളെയും കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരവുമുണ്ടായിരുന്നു.
മൃഗസ്നേഹികള്‍ അതിനെതിരെ രംഗത്തു വരികയും തെരുവുനായകളെ കൊല്ലുന്നതിനു കേന്ദ്ര സര്‍ക്കാറും ജുഡീഷ്യറിയും വിലക്കേര്‍പ്പെടുത്തുകയും ചെയ്തതോടെയാണ് നായകളുടെ എണ്ണവും അക്രമവും വന്‍തോതില്‍ വര്‍ധിച്ചത്. നായകളെ വന്ധ്യംകരിക്കലും (എബിസി) ആനിമല്‍ ഷെല്‍ട്ടര്‍ നിര്‍മാണവുമാണ് പകരം നിര്‍ദേശിക്കപ്പെട്ട മാര്‍ഗങ്ങള്‍.
എന്നാല്‍ കേന്ദ്ര ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ചട്ടം കര്‍ശനമാക്കിയതോടെ വന്ധ്യംകരണം പ്രതിസന്ധിയിലായി. പക്ഷിപ്പനി ബാധിച്ച കോഴികളെ വന്‍തോതില്‍ കൊന്നൊടുക്കുന്നുണ്ട് രാജ്യത്ത്. നായകളുടെ കാര്യത്തില്‍ മാത്രം ഇതായിക്കൂടാ എന്നു പറയുന്നതിലെ യുക്തി മനസിലാക്കാന്‍ പ്രയാസമുണ്ട്.
ജില്ലാ പഞ്ചായത്തിന്റെ പോര്‍ട്ടബിള്‍ എബിസി സെന്ററുകള്‍
കൊല്ലം: തെരുവുനായപ്രശ്നപരിഹാരത്തിനു ജില്ലാ പഞ്ചായത്തിന്റെ പോര്‍ട്ടബിള്‍ എബിസി സെന്ററുകള്‍ ജില്ലയിലെ തെരുവുനായ പ്രശ്നത്തിനു പരിഹാരമായി.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പോര്‍ട്ടബിള്‍ എബിസി സെന്റര്‍ നടപ്പിലാക്കുന്നു. കുര്യോട്ട്മലയില്‍ നിര്‍മിച്ചുവരുന്ന എബിസി സെന്ററിന് പുറമേയാണ് പുതിയവ. കാരവന് മാതൃകയിലുള്ള കാബിനാണ് ഏര്‍പ്പെടുത്തുന്നത്.
മൂന്ന് ഓപ്പറേഷന് ടേബിളുകളാണുള്ളത്. വന്ധ്യംകരണത്തിനു ശേഷം പാര്‍പ്പിക്കുന്ന കൂടുകളും പോര്‍ട്ടബിള്‍ സെന്ററിന്റെ ഭാഗമാണ്. തുക ജില്ലാ പഞ്ചായത്താണ് വഹിക്കുന്നത്.
ജനസാന്ദ്രതകുറഞ്ഞ മേഖലയിലാകും സെന്റര്‍ ക്യാമ്പ് ചെയ്യുക. ഏഴു ദിവസം തദ്ദേശസ്വയംഭരണസ്ഥാപനപരിധിയിലെ പരമാവധി തെരുവുനായകളെ വന്ധ്യംകരിക്കും. ശേഷം നാലുദിവസം സംരക്ഷണം നല്‍കിയശേഷം തുറന്നുവിടും.