മലയോര ഹൈവേയിൽ അപകടങ്ങൾ പതിവ്
1582529
Saturday, August 9, 2025 6:28 AM IST
കുളത്തുപ്പുഴ : മലയോര ഹൈവേയിൽ അപകടങ്ങൾക്ക് അറുതിയില്ല. മലയോര ഹൈവേയിൽ ഓന്ത്പച്ചയ്ക്ക് സമീപം കഴിഞ്ഞദിവസം രാവിലെ തമിഴ്നാട്ടിൽ നിന്നും പാറയുമായി വന്ന ടോറസ് ലോറി വളവു തിരിയവേ നിയന്ത്രണംവിട്ട് തൊട്ടടുത്ത സ്വകാര്യ വ്യക്തിയുടെ പുരയിടത്തിന്റെ മൺത്തിട്ടയിലേക്ക് ഇടിച്ചു കയറി.
അപകടത്തിൽ ഡ്രൈവർ ക്യാബിനിൽ കുടുങ്ങി. ഇദ്ദേഹത്തെ പുറത്തെടുക്കുവാൻ നാട്ടുകാരും കുളത്തൂപ്പുഴ പോലീസും നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് കടയ്ക്കൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് ക്യാബിനുള്ളിൽ കാലു കുടുങ്ങിയ നിലയിൽ ആയിരുന്ന ഡ്രൈവറെ പുറത്ത് എടുത്തത്.
മലയോര ഹൈവേയിൽ അടിക്കടി അപകടങ്ങൾ ഉണ്ടാകുന്നു. ഒരു ഫയർ സ്റ്റേഷൻ ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുകളാണ് നാട്ടുകാർ പറയുന്നത്. അപകടങ്ങൾ ഉണ്ടായാൽ മണിക്കൂറുകൾ കഴിഞ്ഞാണ് പുനലൂരിൽ നിന്നോ കടയ്ക്കൽ നിന്നോ ഫയർഫോഴ്സ് എത്തുന്നത്.
ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെയും കുളത്തൂപ്പുഴയിലെ വ്യാപാരി വ്യവസായികളുടെയും ആവശ്യം . അപകടത്തിൽ പരിക്കേറ്റ ഡ്രൈവറായ തമിഴ്നാട് സേലം സ്വദേശി രാജവേലിനെ കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.