ആയൂര്‍ സെന്റ് മേരീസ് മലങ്കര പള്ളിയിൽ ഇടവക തിരുനാളിന് തുടക്കമായി
1583274
Tuesday, August 12, 2025 6:22 AM IST
അഞ്ചല്‍ : ആയൂര്‍ സെന്റ് മേരീസ് മലങ്കര പള്ളിയിലെ ഇടവക തിരുനാളിനും പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളിനും തുടക്കമായി. ഞായറാഴ്ച പ്രഭാത പ്രാര്‍ഥനയ്ക്കും വിശുദ്ധ കുര്‍ബാനയ്ക്കും ശേഷം ഇടവക വികാരി ഫാ. ജോണ്‍ അരീക്കല്‍ കൊടിയേറ്റ് നടത്തിയതോടെയാണ് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായത്.
15 വരെ നടക്കുന്ന തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി ജപമാല പ്രാര്‍ഥന, സന്ധ്യ നമസ്കാരം, വിശുദ്ധ കുര്‍ബാന എന്നിവ നടക്കും. 14ന് വൈകുന്നേരം ആറിന് ഭക്ത സംഘടനകളുടെ വാര്‍ഷികം നടക്കും. 15ന് രാവിലെ എട്ടിന് ചെമ്പ് വയ്ക്കലും ഉച്ചകഴിഞ്ഞ് മൂന്നിന് ചെമ്പ് എടുപ്പും നടക്കും.
പിന്നീട് ജപമാല പ്രാര്‍ഥനയും സന്ധ്യ നംസ്കാരവും ഉണ്ടാകും. തുടര്‍ന്നു മാവേലിക്കര മുന്‍ ഭദ്രാസനാധ്യക്ഷന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മെത്രാപൊലീത്തയ്ക്ക് സ്വീകരണം. തുടര്‍ന്നു ഭക്തിനിര്‍ഭരമായ റാസയും നടക്കും.
വാദ്യമേളങ്ങള്‍ക്കൊപ്പം കത്തിച്ച മെഴുകുതിരികളുമായി പ്രാര്‍ഥന മന്ത്രങ്ങള്‍ ചൊല്ലിയും നൂറുകണക്കിനു വിശ്വാസികള്‍ റാസയ്ക്ക് അകമ്പടിയാകും. കൊടിയിറക്കും തുടര്‍ന്നുള്ള സ്നേഹ ഭോജനത്തോടെയും തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമാകുമെന്ന് ഇടവക വികാരി ഫാ. ജോണ്‍ അരീക്കല്‍, ട്രസ്റ്റി സി.എം. ചാക്കോ ശങ്കരവേലില്‍, സെക്രട്ടറി രാജന് ജേക്കബ് തട്ടാരഴികത്ത് എന്നിവര്‍ അറിയിച്ചു.