സ്കൂൾ പാചക തൊഴിലാളികളുടെ വേതന വർധനവ് നടപ്പിലാക്കണം: ബിന്ദുകൃഷ്ണ
1582695
Sunday, August 10, 2025 6:17 AM IST
കൊല്ലം: സ്കൂൾ പാചക തൊഴിലാളികളുടെ വേതന വർധനവ് നടപ്പിലാക്കണമെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം അഡ്വ.ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. സ്കൂൾ പാചക തൊഴിലാളി കോൺഗ്രസ് -ഐ എൻ ടി യു സി സമര പ്രഖ്യാപന സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിന്ദുകൃഷ്ണ .
ശമ്പളം എല്ലാ മാസവുംഅഞ്ചിന് നൽകണം എന്നുള്ള നിയമം പോലും കാറ്റിൽ പറത്തിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഈ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് പുതിയ ശമ്പള സ്കെയിൽ കൊണ്ട് വരണമെന്നും തൊഴിലാളി വിരുദ്ധ നടപടികൾ തുടർന്നാൽ സർക്കാരിനെതിരെ സമര പരിപാടികൾ ആരംഭിക്കുമെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.
ജോലി സ്ഥിരത ഉറപ്പ് വരുത്തുക, ജോലി ഭാരം കുറയ്ക്കുക, ദിവസ വേതനം ആയിരം രൂപയാക്കി വർധിപ്പിക്കുക, തൊഴിലാളികൾക്ക് വിരമിക്കൽ ആനുകൂല്യം നൽകുക എന്നീ ആവശ്യങ്ങളും ബിന്ദുകൃഷ്ണ ഉന്നയിച്ചു. സംസ്ഥാന ജനറൽസെക്രട്ടറി എ. ഹബീബ്സേട്ട് അധ്യക്ഷത വഹിച്ചു.
യോഗത്തിൽ കെ പി സി സി സെക്രട്ടറി പി. ജർമിയാസ്, ഡി സി സി ഭാരവാഹികളായ എസ്. വിപിനചന്ദ്രൻ, എൻ. ഉണ്ണികൃഷ്ണൻ, ആദിക്കാട് മധു, വടക്കേവിള ശശി, കുരീപ്പുഴ യഹിയ, ജോസ് വിമൽരാജ്, കെ. ബി. ഷഹാൽ, സജീവ് പരിശവിള, ഓമന തുടങ്ങിയവർ പ്രസംഗിച്ചു.