ചാത്തന്നൂരിന്റെ ഹൃദയഭാഗത്ത് ആക്രിക്കൂമ്പാരം
1583071
Monday, August 11, 2025 6:29 AM IST
ചാത്തന്നൂർ: നഗരത്തിന്റെ ഹൃദയഭാഗത്തു വാഹനങ്ങളുടെ ശവപ്പറമ്പ്. കോടികൾ വിലമതിക്കുന്ന വാഹനങ്ങളാണ് കാറ്റും മഴയും വെയിലുമേറ്റ് ഇവിടെ കിടന്നു നശിക്കുന്നത്. കാലപ്പഴക്കം കൊണ്ട് ചെറിയ മരങ്ങളും കാടും പടലവും വാഹനങ്ങളിലൂടെ പടർന്നു പന്തലിക്കുന്നു.
‘വിടർന്നു വിലസീടിന നിന്നെ നോക്കി ആരാകിലെന്ത് മിഴിയുള്ളവർ നിന്നിരിക്കാം...’ എന്ന കുമാരനാശാന്റെ വരികൾക്കു പാരടിയായി തകർന്നു തരിപ്പണമായ നിങ്ങളെ നോക്കി ആരാകിലെന്ത് മിഴികളിൽ നീരുറവ ചോരും എന്ന അവസ്ഥയാണ്. ചാത്തന്നൂർ നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ചാത്തന്നൂർ പോലീസ് സ്റ്റേഷന് ഏകദേശം ഒന്നേമുക്കാൽ ഏക്കറോളം വരുന്ന ഭൂസ്വത്ത് സ്വന്തമായിട്ടുണ്ട്.
ഇതിൽ എസിപിയുടെ ഓഫീസും പോലീസ് സ്റ്റേഷനും ഫിംഗർപ്രിന്റ് ബ്യൂറോയും പോലീസ് ക്വാർട്ടേഴ്സുകളുമുണ്ട്. ഈ ഭാഗങ്ങളിലെല്ലാം വാഹനങ്ങൾ നിരന്നുകിടക്കുകയാണ്. നിലവിൽ പോലീസ് സ്റ്റേഷൻ പരിസരത്ത് വിവിധ കേസുകളിൽപ്പെട്ട 134 വാഹനങ്ങളും അവകാശികൾ ഇല്ലാത്ത 24 വാഹനങ്ങളും കിടപ്പുണ്ട്.
കാലപ്പഴക്കം കൊണ്ടു നശിച്ചു പോയതും അവശിഷ്ടമായി പരിണമിച്ചു നീക്കം ചെയ്യാനാകാത്തതുമായ വാഹന ഭാഗങ്ങൾ മേലധികാരികളിൽനിന്നും കിട്ടുന്ന നിർദേശപ്രകാരം നീക്കം ചെയ്യുന്നതാണെന്നും വിവരാവകാശ നിയമപ്രകാരം പൊതു പ്രവർത്തകനായ ജി.ദിവാകരന് അടുത്ത കാലത്തായി സ്റ്റേഷൻ അധികൃതർ മറുപടി നല്കിയിരുന്നു.
എങ്കിലും എന്തെങ്കിലും പുരോഗതി ഉള്ളതായി കാണുന്നില്ല.അബ്കാരി കേസുകൾ, മയക്കുമരുന്ന് കടത്ത്, മണൽ - കര മണ്ണ് കടത്ത്, അപകടത്തിൽപ്പെട്ടവ തുടങ്ങിയ കേസുകളിൽ കുടുങ്ങിയ വാഹനങ്ങളാണ് കിടന്നു നശിക്കുന്നത്. സ്കൂട്ടർ, ഓട്ടോ, ടെമ്പോ ടിപ്പർ തുടങ്ങി എല്ലാ വിഭാഗത്തിൽപ്പെട്ട വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ട്.
ശിക്ഷിക്കപ്പെട്ട വാഹനങ്ങളും രേഖകളില്ലാത്ത വാഹനങ്ങളും മോഷ്ടിക്കപ്പെട്ട വാഹനങ്ങളും നശിക്കുന്നവയിൽ ഉൾപ്പെടും. പോലീസ് സ്റ്റേഷന്റെ പിൻഭാഗത്ത് ചുറ്റുമതിലില്ലാത്തതും കാടുപിടിച്ചു കിടക്കുന്നതും മോഷ്ടാക്കൾക്കു സുവർണാവസരമാണ് നല്കുന്നത്.
ഈ ഭാഗത്തു കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങളിൽ നിന്നും ഉപയോഗിക്കാൻ കൊള്ളാവുന്ന പാർട്സുകൾ മോഷണം പോകുന്നുണ്ട്. അതാരും ശ്രദ്ധിക്കാറുമില്ല. ഒരിക്കൽ സ്റ്റേഷനു മുൻവശം പഴയ ദേശീയപാതയിൽ കിടന്ന കേസിൽ ഉൾപ്പെട്ട വാഹനത്തിൽ നിന്നും ബാറ്ററി മോഷ്ടിച്ച സംഘത്തെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.
ദേശീയപാതയോരത്ത് കിടന്ന വണ്ടിയിൽ നിന്നും മോഷണം നടത്താമെങ്കിൽ ആരുടെയും ശ്രദ്ധ പതിയാത്ത ഭാഗത്ത് കിടക്കുന്ന വണ്ടികളുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ.ചാത്തന്നൂർ പോലീസ് സബ് ഡിവിഷ െ ന്റ പരിധിയിൽപ്പെട്ട പാരിപ്പള്ളി, പരവൂർ, കൊട്ടിയം, ചാത്തന്നൂർ പോലീസ് സ്റ്റേഷൻ പരിസരങ്ങളിലും നൂറുകണക്കിനു വാഹനങ്ങൾ ഉപയോഗശൂന്യമായി നശിക്കുന്നുണ്ട്.
പരവൂർ പോലീസ് സ്റ്റേഷനിൽ കുറച്ചു കാലം മുമ്പ് കേസിൽപ്പെട്ട വാഹനങ്ങൾ ലേലം ചെയ്തുനല്കിയിരുന്നു. ചാത്തന്നൂർ എക്സൈസ് ഓഫീസിലും നിരവധി വാഹനങ്ങളാണ് നശിച്ചു കൊണ്ടിരിക്കുന്നത്.