ഓൺലൈൻ മദ്യവില്പന നീക്കം പിൻവലിക്കണം: കെസിബിസി മദ്യവിരുദ്ധ സമിതി
1583268
Tuesday, August 12, 2025 6:18 AM IST
കൊല്ലം: ഓൺലൈൻ വില്പനയിലൂടെ മദ്യം വീട്ടിലെത്തിച്ച് കുടുംബങ്ങളുടെ സമാധാനം തകർക്കാനുള്ള നീക്കം ഉപേക്ഷിക്കണ മെന്നു കെസിബിസി മദ്യവിരുദ്ധ സമിതി കൊല്ലം രൂപതാ പ്രസിഡന്റ് യോഹന്നാൻ ആന്റണിയും ജനറൽ സെക്രട്ടറി എ.ജെ.ഡിക്രൂസും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
മദ്യശാലകളിലെ തിരക്ക് കുറയ്ക്കാൻ എന്ന വ്യാജേന വീടുകളിൽ മദ്യമെത്തിച്ച് കുടുംബങ്ങളെകൂടി മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള നീക്കത്തിൽ സമിതി പ്രതിഷേധിച്ചു. സർക്കാരിൻറെ മദ്യനയത്തിലെ ഏറ്റവും നിന്ദ്യവും മനുഷ്യത്വരഹിതവുമായ ഭീകരമുഖമാണ് ഈ നീക്കത്തിലൂടെ ഒരിക്കൽ കൂടി മറനീക്കി പുറത്തുവരുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.
മദ്യത്തിന്റെ ഉപയോഗവും ലഭ്യതയും പടിപടിയായി കുറച്ചുകൊണ്ടുവരുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നിരന്തരമായി ലംഘിച്ചുകൊണ്ട് മദ്യമുതലാളിത്ത താല്പര്യങ്ങളുടെ സംരക്ഷകരായി സർക്കാർ അധ:പതിച്ചിരി ക്കുകയാണ്.
ഓൺലൈൻ മദ്യവില്പനക്കെതിരെ ജനകീയ പ്രതിരോധം സൃഷ്ടിക്കുമെന്നും ജനദ്രോഹ മദ്യനയത്തിനെതിരെ പോരാട്ടങ്ങൾ സംഘടിപ്പിക്കുമെന്നും യോഹന്നാൻ ആന്റണിയും എ.ജെ.ഡിക്രൂസും പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.