മൂന്നാം ക്ലാസുകാരനെ പൊള്ളലേൽപ്പിച്ച സംഭവം: രണ്ടാനച്ഛൻ റിമാന്‍ഡിൽ
1582698
Sunday, August 10, 2025 6:23 AM IST
ചവറ : മൂന്നാം ക്ലാസുകാരന്റെ കാൽ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ച സംഭവത്തില്‍ അറസ്റ്റിലായ രണ്ടാനച്ഛനെ കോടതി റിമാന്‍ഡ്ചെയ്തു. മൈനാഗപ്പള്ളി സ്വദേശി കൊച്ചനിയനെയാണ് ചവറ കോടതി റിമാന്‍ഡ് ചെയ്തത്.
അമ്മ വിദേശത്തായതിനാല്‍ അമ്മുമ്മയുടെയും രണ്ടാനച്ഛനും ഒപ്പമായിരുന്നു കുട്ടി കഴിഞ്ഞ് വന്നത്. അമ്മുമ്മയോട് വികൃതി കാണിച്ചതിനെ തുടര്‍ന്ന് രണ്ടാനച്ഛന് ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിക്കുകയായിരുന്നു.
അധ്യാപകരുടെ നിര്‍ദേശ പ്രകാരം അങ്കണവാടി അധികൃതര്‍ കാര്യം തിരക്കിയപ്പോഴാണ് രണ്ടാനച്ഛന് ഇസ്തിരിപ്പെട്ടി ഉപയോഗിച്ച കാല് പൊള്ളിച്ച വിവരം കുട്ടി പറഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ കാല് പരിശോധിച്ചപ്പോള്‍ പൊള്ളലേറ്റിരിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയും ചെയ്തു.
ഉടന്‍ തന്നെ വിവരം ചവറ തെക്കുംഭാഗം പോലിസിനെ അറിയിപ്പിക്കുകയും കുട്ടിയുടെ മൊഴിയെടുത്തപ്പോള്‍ താന്‍ അമ്മുമ്മയോട് വികൃതി കാണിച്ചപ്പോള്‍ അച്ഛന് ഇങ്ങനെ ചെയ്തതെന്നും പറഞ്ഞു.
തുടര്‍ന്ന് കൊച്ചനിയനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.കുട്ടിയുടെ സംരക്ഷണം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തു.
എസ്എച്ച്ഒ ശ്രീകുമാര്‍,എസ്ഐമാരായ എല്‍.നിയാസ്, എ. റഹിം,എഎസ്ഐ സുരേഷ്,സിവില്‍ പോലിസ് ഓഫീസര്‍ ലതിക എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.