മുഖ്യമന്ത്രിക്ക് ഛായാചിത്രം സമ്മാനിച്ച് ശ്യാം കൃഷ്ണ
1583272
Tuesday, August 12, 2025 6:22 AM IST
കുളത്തൂപ്പുഴ: മുഖ്യമന്ത്രി അടക്കമുള്ളവർക്ക് താൻ വരച്ച ചിത്രങ്ങൾ സമ്മാനിച്ചതിന്റെ സന്തോഷത്തിലാണ് കുളത്തൂപ്പുഴ എംആർഎസിലെ പ്ലസ് വൺ വിദ്യാർഥിയായ ശ്യാം കൃഷ്ണ.
ചെറുപ്പം മുതലേ ചിത്രരചനയിൽ താത്പര്യമുണ്ടായിരുന്ന ശ്യാം കൃഷ്ണയ്ക്ക് ജില്ലാ സംസ്ഥാന മത്സരങ്ങളിലും പട്ടിക വർഗവികസന വകുപ്പ് സംസ്ഥാന തലത്തിൽ നടത്തുന്ന സർഗോത്സവത്തിലും എസ്സിഇആർടിയുടെ പാഠപുസ്തകത്തിലും ഉൾപ്പെടെ ചിത്രങ്ങൾ വരയ്ക്കാനുള്ള ഭാഗ്യം ലഭിച്ചു. ശ്യാമിന്റെ ആഗ്രഹമായിരുന്നു മുഖ്യമന്ത്രിയുടെ ഛായാചിത്രം വരച്ച് അദ്ദേഹത്തിന് സമ്മാനമായി നൽകണമെന്നുള്ളത്.
അതോടൊപ്പം മന്ത്രി ഒ.ആർ. കേളുവിന്റെയും പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടർ രേണു രാജിന്റെയും ഛായാചിത്രം വരച്ച് നേരിട്ട് നൽകാൻ കഴിഞ്ഞു.ശ്യാമിന്റെ ആഗ്രഹം നിറവേറ്റാൻ പട്ടിക വർഗവികസന വകുപ്പിന്റെ വിദ്യാഭ്യസ ഡെപ്യൂട്ടി ഡയറക്ടർ വൈ. ബിപിൻദാസ്,സ്കൂൾ സീനിയർ സൂപ്രണ്ട് വി.സുരേഷ് കുമാർ, പ്രഥമാധ്യാപിക സി.ഗിരിജ ഉൾപ്പെടെയുള്ളവർ സഹായിച്ചിരുന്നു.
ഇടുക്കി ജില്ലയിലെ കൂവക്കണ്ടം സ്വദേശിയായ ശശി മാണിക്യത്തിന്റെയും കെ.വി വിലാസിനിയുടെ ഇളയ മകനാണ് ശ്യാം കൃഷ്ണ.