ഭാരത സംസ്കാരത്തിന് മൂല്യച്യുതി സംഭവിച്ചു: ബിഷപ് പോൾ ആന്റണി മുല്ലശേരി
1583065
Monday, August 11, 2025 6:27 AM IST
കൊല്ലം : ഭാരത സംസ്കാരത്തിന് മൂല്യച്യുതി സംഭവിച്ചെന്നും അത് എല്ലാ മതങ്ങളെയും ഏകോപിപ്പിച്ചു കൊണ്ടുപോകുന്ന സംസ്കാരമാണെന്നും കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി.
കൊല്ലം സ്വദേശിയും കർണാടക മുൻ ചീഫ് സെക്രട്ടറിയും മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഡോ. ജെ. അലക്സാണ്ടറിന്റെ പേരിലുള്ള ഡോ. ജെ.അലക്സാണ്ടർ സെന്റർ ഫോർ സ്റ്റഡീസിന്റെ രാഷ്ട്രീയ പ്രതിഭാ അവാർഡ് കെ പി സി സി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എം എൽ എയ്ക്ക് സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു ബിഷപ് .
ഡോ.ജെ.അലക്സാണ്ടർ കൊല്ലക്കാരൻ മാത്രമല്ല ഭാരതീയനായിരുന്നുവെന്നും ബിഷപ് ഓർമിപ്പിച്ചു. രാജ്യവും രാഷ്ട്രീയവും സാംസ്കാരികവും പൊതുപ്രവർത്തനവും നാടിന്റെ നന്മയ്ക്കുവേണ്ടി ഏറ്റെടുക്കണമെന്ന് ബിഷപ് ആഹ്വാനം ചെയ്തു. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി കർണാടകയിലെ ചുമതല എന്നിൽ ഏൽപ്പിച്ചപ്പോൾ കർണാടകത്തിൽ വേണ്ടുന്ന സൗകര്യങ്ങളും നൽകി ഒരു കുടുംബാംഗത്തെ പോലെ എന്നെ ചേർത്തുനിർത്തിയ മഹത് വ്യക്തിയായിരുന്നു ജെ. അലക്സാണ്ടറെന്ന് പി. സി. വിഷ്ണുനാഥ് എംഎൽഎ അവാർഡ് സ്വീകരിച്ചുകൊണ്ട് പറഞ്ഞു.
ഭാരതത്തിലെ ആദ്യ രൂപതയായ കൊല്ലം രൂപതയുടെ അധ്യക്ഷനിൽ നിന്നും രാഷ്ട്രീയ പ്രതിഭാ പുരസ്കാരം സ്വീകരിച്ചതിൽ അഭിമാനം ഉണ്ടെന്നും പി.സി. വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു.
സംസ്ഥാന ചെയർമാൻ എസ്.പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറിമാരായ ആർ.രാജശേഖരൻ, പി. ജർമിയാസ്, നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ ചീഫ് കോഡിനേറ്റർ ജേക്കബ്.എസ്. മുണ്ടപ്പുളം, സജീവ് പരിശവിള, സാബു ബെനഡിക്ട് എന്നവർ പ്രസംഗിച്ചു.