പോലീസ് സ്റ്റേഷൻ അഥവാ വാഹനങ്ങളുടെ ശവപ്പറന്പ്
1583070
Monday, August 11, 2025 6:28 AM IST
നടപ്പിലും ഇരിപ്പിലും വേഷത്തിലും പ്രവൃത്തിയിലും പോലീസ് മാറി. നല്ല ചമയത്തോടെ പോലീസ് സ്റ്റേഷനുകൾ മാറിയിരിക്കുന്നു. ജനകീയ പോലീസുകാരായി, മാതൃക പോലീസ് സ്റ്റേഷനുകളുണ്ടായി. സ്ത്രീകൾക്കുവേണ്ടി വാദിക്കാനും പറയാനും കേൾക്കാനും വനിത സെല്ലുകളും വനിത പോലീസ് ഉദ്യോഗസ്ഥരും വന്നു. കേസ് അന്വേഷണത്തിൽ കേരള പോലീസിനെ വെല്ലാൻ ആരുമില്ലാത്ത അവസ്ഥയായി.
വീട് മനോഹരം വീടിനു ചുറ്റും കാടും ഇഴജന്തുക്കളും നിറഞ്ഞിരിക്കുകയാണെങ്കിൽ എന്താണ് അവസ്ഥ. ഈ അവസ്ഥയാണ് കേരളത്തിലെ ഭൂരിപക്ഷം പോലീസ് സ്റ്റേഷനുകളിലും. കേസിൽപ്പെട്ടു പിടിച്ചെടുത്ത് കൊണ്ടുവന്നിട്ടിരിക്കുന്ന വാഹനങ്ങളുടെ അവസ്ഥ മിക്ക പോലീസ് സ്റ്റേഷനുകളിലും കാണേണ്ടതു തന്നെയാണ്.
വിവിധ കേസുകളിൽ ജില്ലയിലെ പോലീസ് സ്റ്റേഷൻ പരിസരങ്ങളിൽ കിടക്കുന്ന തൊണ്ടി വാഹനങ്ങൾ ഉണ്ടാക്കുന്ന തലവേദനകൾ ചെറുതല്ല.
ലക്ഷങ്ങൾ വിലമതിക്കുന്ന വാഹനങ്ങൾ വെയിലും മഴയും കൊണ്ട് തുരുന്പെടുക്കുകയാണ്. ഒരു വശത്ത് വാഹനങ്ങൾ നാശമാകുന്നു എന്നതും മറുവശത്ത് ഈ വാഹനങ്ങൾമൂലം ഉണ്ടാകുന്ന ദുരിതങ്ങളും പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. കൊല്ലത്ത് വെസ്റ്റ് പോലീസ് സ്റ്റേഷനിലും ഈസ്റ്റ് പോലീസ് സ്റ്റേഷന്റെ മുന്നിലും ഇരവിപുരം - വളത്തുംഗൽ റോഡിൽ ഇരവിപുരം സ്റ്റേഷന് മുന്നിലും തുരുമ്പ് കേറി നശിക്കുന്നത് പോലീസ് പിടിച്ചെടുത്ത വാഹനങ്ങളാണ്. ലക്ഷങ്ങൾ വിലമതിക്കുന്ന തൊണ്ടി വാഹനങ്ങളാണ് മഴയും വെയിലുമേറ്റ് തുരുമ്പെടുത്ത് നശിക്കുന്നത്.
പ്രധാന പാതയോരങ്ങളോട് ചേർന്ന പല പോലീസ് സ്റ്റേഷനുകളും അനുഭവിക്കുന്ന ഏറ്റവും പ്രധാന പ്രശ്നങ്ങളിൽ ഒന്ന് സ്ഥലപരിമിതിയാണ്. അതിനൊപ്പം തൊണ്ടി വാഹനങ്ങൾകൂടി സൂക്ഷിക്കാൻ സ്ഥലം കണ്ടെത്തേണ്ടി വരുന്നതോടെ ബുദ്ധിമുട്ടുന്നത് പോലീസുകാർ തന്നെയാണ്.
നിയമ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിലും തൊണ്ടി വാഹനങ്ങൾ ഉടമകൾക്ക് വിട്ടുനൽകുകയോ ലേലം ചെയ്തു നൽകുകയോ ചെയ്യുന്നതിലും ഉണ്ടാകുന്ന കാലതാമസമാണ് ഇക്കാര്യത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.
കേസായി പോയാൽ വാഹനത്തിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് പോലീസ് സ്റ്റേഷൻ പരിസരത്തു പോയി നോക്കിയാൽ മനസിലാകും. വാഹനമെല്ലാം മഴയും വെയിലും മഞ്ഞും കൊണ്ടു കാട്ടുവള്ളികൾചുറ്റി പഴകിദ്രവിച്ചു കിടക്കുന്നത് കാണാം.
പുതിയ വാഹനങ്ങൾ പോലും ഇവിടെ കിടപ്പുണ്ട്. വർഷങ്ങളായി കിടക്കുന്ന വാഹനങ്ങളുണ്ട്. കേസെല്ലാം കഴിഞ്ഞു ഇതെല്ലാം എടുക്കാൻ പറ്റുമോ. തുരുന്പിച്ച പാർട്സ് വല്ലതും കിട്ടിയാൽ ഭാഗ്യം.
കേസ് തീരുന്നതുവരെ സൂക്ഷിക്കുന്ന പോലീസ് സ്റ്റേഷനുകളിൽ കിടക്കുന്ന വാഹനങ്ങളുടെ അവസ്ഥയാണിത്.ആർക്കും പ്രയോജനമില്ല.
സർക്കാരും പോലീസുകാർക്കും വാഹനമുടമയ്ക്കും പ്രയോജനമില്ലാതെ കിടന്നു നശിക്കുന്നു. ഇതിനൊരു മാറ്റം അനിവാര്യമാണ്. ജില്ലയിലെ ഭൂരിപക്ഷം.
ആർക്കും വേണ്ടാത്ത വാഹനങ്ങൾ
കുണ്ടറ : ക്രമസമാധാനപാലനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കുണ്ടറപോലീസ് സ്റ്റേഷൻ സ്ഥല പരിമിതിയിൽ വീർപ്പുമുട്ടുമ്പോഴും സ്റ്റേഷൻ പരിസരം ആക്രി കൂമ്പാരമായി മാറി കഴി ഞ്ഞു. സ്റ്റേഷൻ റോഡിന്റെ ഇരുവശങ്ങളിലും ഒഴിഞ്ഞു കിടക്കുന്ന പറമ്പുകളിലും എല്ലാം തന്നെ വർഷങ്ങളായി പിടിച്ചെ ടുത്ത വണ്ടികളുടെ നീണ്ട നിര തന്നെ കാണാം.
കുണ്ടറ അഞ്ചാലുംമൂട് ഭാഗത്ത് നിന്നും കല്ലട ഭാഗത്തുനിന്നും വാഹനത്തിൽ സഞ്ചരിക്കുമ്പോൾ മാന്യമായി കാൽനട പാത പോലും ഇല്ലാത്ത റോഡിന്റെ ഇരുവശവും രണ്ട് കിലോമീറ്റർ ദൂരെ നിന്നേ 15 വർഷമായി പിടിച്ചെടുത്ത വാഹനങ്ങൾ കാണാം. മണൽ നിറച്ച ലോറികൾ പുല്ലും കാടും മൂടിയിരിക്കുന്നു.
കത്തിക്കരിഞ്ഞ കാറുകൾ ചാര നിറത്തിൽ കിടക്കുന്നു. എസ്യുവികളും ഇക്കൂട്ടത്തിലുണ്ട്.
മഞ്ഞയും കറുപ്പും കലർന്ന കവിൾ ഒട്ടിയ മുച്ചക്ര വാഹനങ്ങൾ, നിരത്തിലിറങ്ങിയപ്പോൾ ഇരുചക്രമായിരുന്നെങ്കിലും കാണുമ്പോൾ ഒരു ചക്രം മാത്രം കാണുന്ന ഭൂഗോളത്തി െന്റ ആകൃതിയിലായ മുന്തിയ ബൈക്കുകൾ, സ്ത്രീ പുരുഷ ഭേദമന്യേ കരയിലെ വിമാനം എന്ന് വിശേഷിപ്പിക്കാവുന്ന ഗിയർലെസ് സ്കൂട്ടറുകൾ തുടങ്ങി അന്യം നിന്നുപോയ മോപ്പടുകൾ വരെ നിരനിരയായി കിടക്കുകയാണ് ഇവിടെ.
റോഡുകളുടെ ഇരുഭാഗങ്ങളിൽ മാത്രമല്ല ഈ പറഞ്ഞ വർഗ ഗണത്തിൽ പെട്ട പിടിച്ചെടുത്തതും അപകടത്തിൽ പെട്ടതുമായ വാഹനങ്ങൾ കൊണ്ട് പോലീസ് സ്റ്റേഷ െ ന്റ നാല് ചുറ്റും അലങ്കരിക്കുന്നു എന്നും പറയാം.
നാശത്തിന്റെ വക്കിൽ
അഞ്ചല്‍ : വിവിധ കേസുകളില്‍പ്പെട്ട് മലയോര മേഖലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ആയിരത്തോളം വാഹനങ്ങളാണ് നശിച്ചും നാശത്തിന്റെ വക്കിലുമായി കിടക്കുന്നത്.
മയക്കുമരുന്ന്, അബ്കാരി, മദ്യപിച്ചു ഓടിച്ചു അപകടത്തിനിടയാക്കിയത്, വിവിധ കേസുകളിലെ തൊണ്ടിമുതലായി കണ്ടുകെട്ടിയതടക്കമുള്ള വാഹനങ്ങളാണ് പോലീസ് സ്റ്റേഷന് പരിസരങ്ങളില്‍ കിടന്ന് നശിക്കുന്നത്.
ഇതുകൂടാതെ പാതയിലൂടെ മനുഷ്യ ജീവന് ഭീഷണിയാകും വിധം ചീറിപ്പായുന്ന ബൈക്കുകളും നിരവധിയുണ്ട്.
റൂറല്‍ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ അഞ്ചല്‍ ഏരൂര്‍ പോലീസ് സ്റ്റേഷനുകളില്‍ ധാരാളം പിടിച്ചെടുത്ത വാഹനങ്ങൾ കിടപ്പുണ്ട്. ഇതുമൂലം വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ എവിടെയെങ്കിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തു എത്തേണ്ട അവസ്ഥയാണ്.
പിടികൂടുന്ന വാഹനങ്ങള്‍ പോലീസ് സ്റ്റേഷനു പുറത്തേക്ക് ഇടണ്ട അവസ്ഥയുമുണ്ട്. ഇത്തരം വാഹനങ്ങളില്‍ നിന്നും ബാറ്ററി, ഹോണ്‍ ഉള്‍പ്പെടെ അഴിച്ചുകൊണ്ടുപോകുന്ന സ്ഥിതിവരെ ഉണ്ടായിട്ടുണ്ട്.
ഇതിനും ഉത്തരം പറയേണ്ടതും നിയമ നടപടി നേരിടേണ്ടതും പോലീസുകാര്‍ തന്നെയാണ്.
അവകാശികള്‍ ഇല്ലാത്ത വാഹനങ്ങള്‍ പോലീസിന് ഉപയോഗിക്കുകയോ ലേലത്തില്‍ വില്ക്കുകയോ ചെയ്യാം എന്ന് പോലീസ് ചട്ടത്തില്‍ പറയുന്നുണ്ടെങ്കിലും ഇതിനുള്ള അനുമതി ഉന്നതങ്ങളില്‍ നിന്നും ലഭിക്കാനുള്ള കാലതാമസവും മറ്റു നിയമ നടപടികളും മൂലം ആരും ഇതിന് തയാറാകുകയില്ല.
‘ബണ്ടി ചോറിന്റെ’ആഡംബര എസ്യുവി
എഴുകോൺ: പിടിച്ചിട്ടിരിക്കുന്ന വണ്ടികളുടെ എണ്ണത്തിൽ ഒട്ടും പിന്നിലല്ല എഴുകോൺ സ്റ്റേഷനും. പ്രാരംഭ കാലഘട്ടത്തിൽ കസ്റ്റഡിയിലെടുത്ത ടാറ്റ 1210 ലോറികൾ വരെ പൂർണമായും ദ്രവിച്ച നിലയിൽ ഇപ്പോഴും ഇവിടെയുണ്ട്.
മുമ്പ് ആക്രി കൂട്ടങ്ങൾക്കിടയിൽ തീപിടിത്തം ഉണ്ടായിട്ടുണ്ട്. അന്താരാഷ്ട്ര ക്രിമിനലായ ബണ്ടി ചോറി െ ന്റ ആഡംബര എസ് യുവിയും ഇവിടെയുണ്ട്.
പാർക്കിംഗും പിടിച്ചെടുക്കുന്ന വണ്ടികൾ നിർത്തിയിടാനുള്ള സ്ഥല ലഭ്യതയും കണക്കാക്കി കനാൽ ഗ്രൗണ്ടിൽ പുതിയ സ്റ്റേഷൻ പൂർത്തീകരണത്തിലേക്ക് എത്തുകയാണ്.
നിരനിരയായി നിറയെ...
ചവറ: വിവിധ കേസുകളിൽപെട്ടതും അപകടങ്ങളിൽപ്പെട്ടതുമായ വാഹനങ്ങൾ ചവറ പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലും സമീപ സ്ഥലത്തും തുരുമ്പെടുത്തും കാടുകയറിയും നശിക്കുകയാണ്.
കേസുകളിൽ പെട്ട അൻപതോളം വാഹനങ്ങളും കേസിൽ പെടാത്ത 52 വാഹനങ്ങളുമാണ് നിലവിൽ ചവറ പോലീസ് സ്റ്റേഷ െ ന്റ കസ്റ്റഡിയിൽ കാടുകയറി കിടക്കുന്നത്.
പലപ്പോഴും പല വാഹനങ്ങളും ബന്ധപ്പെട്ട ഉടമസ്ഥർ തിരിഞ്ഞു നോക്കാത്തതിനാലാണ് വാഹനങ്ങൾ സ്റ്റേഷൻ പരിധിയിൽ കെട്ടിക്കിടക്കുന്നത്. തകർന്ന വാഹനങ്ങളും കേടുപാടുകൾ സംഭവിച്ച വാഹനങ്ങളും ഇതിൽ ഉൾപ്പെടും.
ഇരുചക്രവാഹനങ്ങൾ, കാർ, ലോറി തുടങ്ങിയവ നിലവിൽ സ്റ്റേഷൻ കോമ്പൗണ്ടിലും പോലീസ് ക്വാർട്ടേഴ്സിന് സമീപവും കിടപ്പുണ്ട്. കേസിൽ പെടാത്ത ചില വാഹനങ്ങൾക്ക് പോലീസ് ബന്ധപ്പെട്ട് വ്യക്തികൾക്ക് നോട്ടീസ് അയച്ചിട്ടും വാഹനങ്ങൾ കൊണ്ട് പോകാൻ എത്തിയിട്ടില്ലെന്നും പോലീസ് പറയുന്നു.