ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് പുതിയ വീട്; മന്ത്രി വി. ശിവൻകുട്ടി തറക്കല്ലിട്ടു
1583061
Monday, August 11, 2025 6:27 AM IST
കൊല്ലം: തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച വിദ്യാർഥി മിഥുന്റെ കുടുംബത്തിന് കേരള സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ നിർമിച്ച് നൽകുന്ന വീടിന് മന്ത്രി വി. ശിവൻകുട്ടി തറക്കല്ലിട്ടു.
നിലവിൽ കുടുംബം താമസിക്കുന്ന സ്ഥലത്ത് തന്നെയാണ് പുതിയ വീട് നിർമിക്കുന്നത്. 20 ലക്ഷം രൂപ ചെലവിൽ 1000 ചതുരശ്ര അടി വിസ്തീർണത്തിലാണ് വീട് നിർമിക്കുന്നത്.
മൂന്ന് കിടപ്പുമുറികൾ, രണ്ട് ശുചിമുറികൾ, ലിവിംഗ് റൂം, അടുക്കള, ഡൈനിംഗ് ഏരിയ, സിറ്റ് ഔട്ട്, സ്റ്റെയർകെയ്സ് എന്നിവ വീടിന്റെ ഭാഗമായി ഉണ്ടാകും. നാല് മാസത്തിനകം നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറാനാണ് ലക്ഷ്യമിടുന്നത്.
വീടിനു പുറമെ, മിഥുന്റെ കുടുംബത്തിന് സർക്കാർ വിവിധ ധനസഹായങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ സഹായമായി 10 ലക്ഷം രൂപയും, പൊതുവിദ്യാഭ്യാസ വകുപ്പ് മൂന്ന് ലക്ഷം രൂപയും കെഎസ്ഇബി 10 ലക്ഷം രൂപയും അധ്യാപക സംഘടനയായ കെ എസ് ടി എ 11 ലക്ഷം രൂപയും ആണ് നൽകുന്നത്.
മിഥുന്റെ അനുജന്റെ വിദ്യാഭ്യാസ ചെലവുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് പൂർണമായും വഹിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചിട്ടുണ്ട്.
ചടങ്ങിൽ എംഎൽഎമാരായ കോവൂർ കുഞ്ഞുമോൻ, ഡോ. സുജിത്ത് വിജയൻ പിള്ള, കേരള സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന സെക്രട്ടറി എൻ. കെ. പ്രഭാകരൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.