മണ്ണൂരിലെ സഹകരണ ആശുപത്രി അടച്ചുപൂട്ടിയിട്ടു ആറു വര്‍ഷം
1583273
Tuesday, August 12, 2025 6:22 AM IST
അഞ്ചല്‍ : ഇട്ടിവ പഞ്ചായത്തിലെ മണ്ണൂര്‍ കേന്ദ്രീകരിച്ച് 1988 ലാണ് കൊട്ടാരക്കര താലൂക്ക് സഹകരണ ആശുപത്രി എന്ന പേരില്‍ സഹകരണ വകുപ്പിന് കീഴില്‍ ആശുപത്രി ആരംഭിക്കുന്നത്. വിദേശത്തും സ്വദേശത്തുമുള്ള പ്രദേശവാസികളില്‍ നിന്നും ചെറുതും വലുതമായി പിരിച്ച തുക ഉപയോഗിച്ച് 50 സെന്റ് വസ്തുവാങ്ങി. അന്നത്തെകാലത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും വിധം കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കി.
നിരവധി ഡോക്ടര്‍മാര്‍, ലാബ്, കിടത്തി ചികിത്സഅടക്കമുള്ള സംവിധാനങ്ങള്‍. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിവന്ന ഭരണ സമിതിയിലെ ചേരിപ്പോരും അധികാര വടംവലിയും മണ്ണൂര്‍ എന്ന ഗ്രാമം ഏറെ പ്രതീക്ഷയോടെ സ്വീകരിച്ച ആശുപത്രിയെ താഴിട്ട് പൂട്ടേണ്ട അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിച്ചു. കഴിഞ്ഞ ആറുവര്‍ഷത്തിലധികമായി പൂട്ടികിടക്കുന്ന ആശുപത്രി കെട്ടിടം ഇന്ന് നാശത്തിന്റെ വക്കിലാണ്. ചുറ്റും കാടുകയറി സാമൂഹികവിരുദ്ധരും ഇഴ ജന്തുക്കളും തെരുവുനായ്ക്കളും സ്ഥലം കീഴടക്കി. ചില സ്വകാര്യ വ്യക്തികളും ആശുപത്രി ഭൂമി കൈയേറാനുള്ള നീക്കം നടത്തുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ചന്ദ്രമോഹനന് പ്രസിഡന്റ് ആയിരിക്കേ ആശുപത്രിക്ക് സുവര്‍ണകാലമായിരുന്നു എന്നു നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ചേരിപ്പോരും അധികാരത്തിന് വേണ്ടിയുള്ള മത്സരങ്ങള്‍ക്കും ഒടുവില്‍ ചന്ദ്രമോഹന് താഴെവീണു. പിന്നീട് ഇങ്ങോട്ട് പല പ്രസിഡന്റ്മാര്‍ ആശുപത്രിയുടെ തലപ്പത്തെത്തി. പക്ഷേ ആശുപത്രി മാത്രം താഴേക്കു പോയി. സഹകരണ വകുപ്പില്‍ നിന്നും ഗ്രാന്‍ഡ് ഇനത്തിലും വായ്പ ഇനത്തിലും ലഭിച്ച ലക്ഷങ്ങള്‍ ആര ്ഉപയോഗിച്ചുവെന്നോ എന്തിനായി ചിലവഴിച്ചുവെന്നോ ആര്‍ക്കും അറിയില്ല.
തുക തിരിച്ചടക്കാതായതോടെ സഹകരണ വകുപ്പ് ആര്‍ആര്‍ നടപടികള്‍ ആരംഭിച്ചിരിക്കുകയാണിപ്പോള്‍. സഹകരണ വകുപ്പില്‍ നിന്നും ലഭിച്ച തുക വിനിയോഗത്തില്‍ ഉള്‍പ്പടെ ഭരണസമിതിയുടെ പിടിപ്പുകേടും അഴിമതിയും വിജിലന്‍സ് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടുകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ആശുപത്രിക്കായി ആയിരങ്ങള്‍ നല്കിയ ഒരു വിഭാഗം നാട്ടുകാര്‍.
സര്‍വക്ഷിയോഗം ചേര്‍ന്ന് ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് ആശുപത്രിയുടെ പ്രവര്‍ത്തനം പുനരാംഭിക്കണം എന്നും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവന്ന ആശുപത്രിയെ നാഥനില്ലാ കളരിയാക്കി മാറ്റിയവര്‍ക്കെതിരെ നടപടി വേണമെന്നും പ്രദേശവാസിയും ആദ്യകാല ഭരണസമിതി അംഗങ്ങളില്‍ ഒരാളുമായ സജി വര്‍ഗീസ് ആവശ്യപ്പെട്ടു. ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചത് കാരണം സാധാരണ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുകയാണെന്നും നാട്ടുകാരുടെ വികാരം മാനിച്ചുകൊണ്ടു ആശുപത്രി എത്രയും വേഗം തുറന്നു പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നടപടി ബന്ധപ്പെട്ടവര്‍ സ്വീകരിക്കണം എന്നും വാര്‍ഡ് അംഗം ലില്ലിക്കുട്ടി പറയുന്നു.
ആശുപത്രിയുടെ സംരക്ഷണവും പുനരാംഭിക്കണം എന്ന ആവശ്യവും ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ കാമ്പയിന് ആരംഭിക്കാനുള്ള തീരുമാനവും നാട്ടുകാര്‍ എടുത്തിട്ടുണ്ട്. അതേസമയം ആശുപത്രി പുനരാംഭിക്കാന്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് പരിശോധിച്ചുവരികയാണെന്ന് നിലവിലെ ഭരണസമിതി അംഗങ്ങളില്‍ ചിലര്‍ വ്യക്തമാക്കി.
പി. സനില്‍കുമാര്‍