രണ്ടാനച്ഛൻ പൊള്ളലേൽപ്പിച്ച മൂന്നാം ക്ലാസ് വിദ്യാർഥിയെ മന്ത്രി വി. ശിവൻകുട്ടി സന്ദർശിച്ചു
1583062
Monday, August 11, 2025 6:27 AM IST
ചവറ: രണ്ടാനച്ഛൻ പൊള്ളലേൽപ്പിച്ച മൂന്നാം ക്ലാസ് വിദ്യാർഥിയെ മന്ത്രി വി. ശിവൻകുട്ടി കൊല്ലത്തെ ബന്ധുവീട്ടിലെത്തി നേരിൽ കണ്ടു. കുട്ടിയെ പൊള്ളൽ ഏൽപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്ത് കുട്ടിയുടെ രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തിരുന്നു. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ കുട്ടിയുടെ വീട്ടിലെത്തി എല്ലാ സഹായങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ട്.
കുട്ടികളെ ഉപദ്രവിക്കുന്ന ആർക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഇത്തരം ക്രൂരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും കുട്ടിയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകുമെന്നും വി. ശിവൻകുട്ടി അറിയിച്ചു.
വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരമായി കുട്ടിയുടെ കാര്യങ്ങൾ അന്വേഷിക്കുകയും ആവശ്യമായ പിന്തുണ നൽകുകയും ചെയ്യും. കുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.