ഏരൂർ തോട്ടംമുക്കിൽ വീട് കുത്തിത്തുറന്ന് മോഷണം
1585173
Wednesday, August 20, 2025 6:40 AM IST
അഞ്ചല്‍ : ഏരൂര്‍ തോട്ടംമുക്കിൽ പണയില്‍ വീട്ടില്‍ നബീസയുടെ വീട് കുത്തിത്തുറന്ന് 22000 രൂപയും വിലപിടിപ്പുള്ള വാച്ചും കവർച്ച ചെയ്തു. ഫിംഗര്‍ പ്രിന്റ്, ഡോഗ് സ്ക്വാഡ് ഉള്‍പ്പെടെയുള്ളവർ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.
സമീപ പ്രദേശങ്ങളില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ കള്ളന്മാര് എന്നു സംശയിക്കുന്ന രണ്ടുപേരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മോഷണ ദിവസം നബീസ വീട്ടില്‍ ഉണ്ടായിരുന്നില്ല.
കഴിഞ്ഞ ദിവസം ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്. ഉടന്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. നബീസ മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. ഇതറിയാവുന്നവരോ നബീസയെ കൃത്യമായി നിരീക്ഷിച്ച ശേഷമോ ആകാം കവര്‍ച്ച എന്നാണ് പോലീസ് നിഗമനം.
കഴിഞ്ഞ മാസം ഏരൂര്‍ പത്തടയില് നിരവധി കടകള്‍ കുത്തിത്തുറന്നു കവര്‍ച്ച നടത്തിയ പ്രതികളില്‍ ഒരാളെ പോലീസ് പിടി ക ൂ ടിയതിനു പിന്നാലെയാണ് ഇപ്പോള്‍ അടുത്ത കവര്‍ച്ച കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
മുഖം മറച്ച് രണ്ടുപേര്‍ മലയോര ഹൈവേയിലൂടെ ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ പ്രദേശങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും അതിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുവെന്നും പോലീസ് പറഞ്ഞു.