കുളത്തൂപ്പുഴയിൽ അമീബിക് മസ്തിഷ്കജ്വരം: പ്രതിരോധം ശക്തമാക്കി ആരോഗ്യവകുപ്പ്
1585184
Wednesday, August 20, 2025 6:48 AM IST
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ പഞ്ചായത്തിൽ മൈലമൂട് ഏരിയയിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധം ശക്തമാക്കി ആരോഗ്യവകുപ്പ്. കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ലൈല ബീവിയുടെ അധ്യക്ഷതയിൽ ആർആർടി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം സ്ഥലം സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.
സംശയമുള്ള കിണറുകളിൽ നിന്നും മറ്റു കുടിവെള്ള സ്രോതസുകളിൽ നിന്നും ജലം ഉപയോഗിക്കുന്നതു താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദേശം നൽകി. ജലസ്രോതസുകളിലെ സാമ്പിൾ കളക്ട് ചെയ്ത് പരിശോധനയ്ക്ക് അയച്ചതിനു ശേഷം പരിശോധന ഫലം വന്നതിനു ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നും അറിയിച്ചു.
സമീപത്തുള്ള മുഴുവൻ ജനങ്ങൾക്കും ആരോഗ്യ വിദ്യാഭ്യാസം നൽകുകയും പ്രദേശം ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. നിസ ബഷീർ, ഹെൽത്ത് സൂപ്പർവൈസർ സി. ആർ. അരുൺകുമാർ എന്നിവർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.