നോ പാർക്കിംഗ് ബോർഡിന് പുല്ലുവില
1584821
Tuesday, August 19, 2025 5:52 AM IST
കൊല്ലം: കൊല്ലം കോർപറേഷൻ പരിധിയിൽ വാഹന പാർക്കിംഗ് സൗകര്യം ഇല്ലാതെ പൊതുജനങ്ങൾ വലയുന്നു. നോ പാർക്കിംഗ് ബോർഡിനെപോലും മറച്ചാണ് പലരും വാഹനങ്ങൾ വയ്ക്കുന്നത്.
ജില്ലാശുപത്രി, റെയിൽവേസ്റ്റേഷൻ, ആർപിമാൾ, ബീച്ച് റോഡ്, കെഎസ്ആർടിസി, സിവിൽ സ്റ്റേഷൻ തുടങ്ങിയ എവിടെ നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടോ അവിടെ വാഹനം വച്ചിരിക്കും.
അറിഞ്ഞുകൊണ്ടും പിഴ അടയ്ക്കാൻ കൊതികൊണ്ടും വാഹനം പാർക്ക് ചെയ്യുന്നതല്ല.കൊല്ലം കോർപറേഷനോ മറ്റ് അധികാരികളോ ഭരണസിരാകേന്ദ്രങ്ങളോ ഇവിടെ പാർക്കിംഗ് ഏരിയ നൽകിയിട്ടില്ലെന്നാണ് സത്യം.
വാഹനം എവിടെയെങ്കിലും പ്രതിഷ്ഠിച്ചാൽമാത്രമേ കാര്യം നേടിയെടുക്കാൻ സ്ഥാപനങ്ങളിലോ കടകളിലോ കയറാൻ സാധിക്കൂ. കെഎസ്ആർടിസിയ്ക്കോ ട്രെയിനോ യാത്ര പോകേണ്ട ജോലിക്കാർ സ്ഥിരമായി വാഹനം വയ്ക്കുന്നതു നോ പാർക്കിംഗ് ബോർഡിനു കീഴിൽതന്നെയാണ്.
കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടപ്പാത കൈയേറിയാണ് വാഹനങ്ങൾ പാർക്കു ചെയ്യുന്നത്. ഇതുമൂലം വഴിയാത്രക്കാർ റോഡിനു നടുവിലൂടെ സഞ്ചരിക്കേണ്ട സ്ഥിതിയാണ്. റെയിൽവേ സ്റ്റേഷനിൽ എത്തുന്നവരിൽ ഭൂരിഭാഗവും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു നടപ്പാത കൈയേറിയാണ്.

ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും നീണ്ടനിര തന്നെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് കാണാനാകും. മറ്റു സ്ഥലങ്ങൾ ഇല്ലാത്തതുകൊണ്ടാണ് ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് എന്നാണ് യാത്രക്കാർ പറയുന്നത്. ഇതിനു പുറമേ നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ അനധികൃത പാർക്കിംഗ് മൂലം വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നുണ്ട്. റോഡുകളും നടപ്പാതയും കൈയേറിയുള്ള പ്രവൃത്തികൾക്കെതിരേ ശക്തമായ നടപടി സ്വീകരിച്ച കൊല്ലം കോർപറേഷൻ അനധികൃത പാർക്കിംഗിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്.
ഗതാഗതക്കുരുക്ക്
വാഹനങ്ങൾ നിർത്തിയിടുന്നത് തോന്നുംപടിയായതോടെ രാവിലെയും വൈകുന്നേരങ്ങളിലും നഗരത്തിൽ ഗതാഗതക്കുരുക്ക്. നഗരത്തിൽ വാഹനവുമായി ഇറങ്ങിയാൽ കുടുങ്ങും. ഇതിനുകാരണം നോ പാർക്കിംഗ് ഏരിയയിലെ വാഹനവ്യൂഹമാണ്. അനധികൃതമായി പാർക്ക് ചെയ്തിട്ടു എവിടെയെങ്കിലും പോകാനുള്ള വാഹനമുടമകളുടെ ധൃതിയാണ് ഇത്തരം സംഭവങ്ങൾക്കുപിന്നിലുള്ളത്. വാഹനങ്ങൾ പെരുകി, അതിനുള്ള സൗകര്യമില്ലെന്നുള്ളത് സത്യമാണെങ്കിലും അല്പമെങ്കിലും ശ്രദ്ധിച്ചാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സാധിക്കും.
അധികാരികളുടെ വാചക കസർത്ത്
ഏതു സംഭവമുണ്ടായാലും എല്ലാം പെട്ടെന്നു പരിഹരിക്കുമെന്നു വാചക കസർത്തുണ്ടാകും. കോർപറേഷൻ അധികാരികളും വർഷങ്ങളായി എല്ലാം ശരിയാക്കുമെന്നു പറയുന്നുണ്ട്. അധികാരത്തിൽ കയറി കഴിഞ്ഞാൽ എല്ലാം മറക്കും. പിന്നെ ഇത്തരം സംഭവങ്ങളൊന്നും ഇവരാരും കാണാറുമില്ല. അധികാരികൾ കണ്ണുതുറന്നു കണ്ടു ഇതിനു പരിഹാരം കാണാൻ ശ്രമിക്കണമെന്നാണ് പൊതുജനത്തിന്റെ അഭിപ്രായം.
പാർക്കിംഗിന്റെ പേരിൽ തർക്കം
കൊല്ലം കളക്ടറേറ്റ് സമുച്ചയത്തിലെ പാർക്കിംഗിനെച്ചൊല്ലി തര്ക്കവും സംഘർഷവും പതിവാണെന്ന് അവിടെയുള്ള ജീവനക്കാരും പൊതുജനങ്ങളും പരാതിപ്പെടുന്നത്. സമുച്ചയത്തിലെ പാർക്കിംഗിന് ഒരു തലത്തിലുമുള്ള നിയന്ത്രണമില്ലെന്നാണ് പ്രധാന ആക്ഷേപം. കളക്ടറുടെ വാഹനം പാർക്ക് ചെയ്യേണ്ട സ്ഥലത്തു പോലും സ്കൂട്ടറുകളും ബൈക്കുകളും അനധികൃതമായി പാർക്ക് ചെയ്യാറുണ്ട്.
സെഷൻസ് ജഡ്ജിമാരുടെ വാഹനം പാർക്ക് ചെയ്യേണ്ട സ്ഥലത്ത് ഇരുചക്രവാഹനങ്ങളും കാറുകളും പാർക്കു ചെയ്യുന്നതും പതിവാണ്. കോടതി തുടങ്ങുന്ന രാവിലെ 11ന് പ്രതികളുമായി എത്തുന്ന പോലീസ് വാഹനങ്ങള്ക്ക് നിർത്തിയിടാനുള്ള സൗകര്യവും പലപ്പോഴും ലഭിക്കാറില്ല.
രാവിലെ 10 കഴിഞ്ഞു കോടതിയിലും കളക്ടറേറ്റിലും എത്തുന്നവർ പാർക്കിംഗിന് ആശ്രയിക്കുന്നത് കളക്ടറേറ്റ് സമുച്ചയത്തിനോടു ചേർന്നുള്ള റോഡുകളെയാണ്.