മടത്തറയിലെ അപകടം : ബൈക്ക് യാത്രികന് മരിച്ചത് കാട്ടുപന്നി ഇടിച്ചല്ലെന്ന് സൂചന
1584287
Sunday, August 17, 2025 6:14 AM IST
അഞ്ചല്‍ : മടത്തറയില്‍ കഴിഞ്ഞ ദിവസം ബൈക്ക് യാത്രികനായ യുവാവ് മരിച്ചത് കാട്ടുപന്നി ഇടിച്ചതുമൂലം ഉണ്ടായ അപകടത്തിലല്ലെന്നു സൂചന. തിരുവനന്തപുരം തിരുമല രാമമംഗലം ബംഗ്ലാവില്‍ ആദര്‍ശ് (26) ആണ് മരിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ മലയോര ഹൈവേയില്‍ മടത്തറ വേങ്കൊല്ല ഫോറസ്റ്റ് ഓഫീസിന് സമീപമായിരുന്നു അപകടം. ആദര്‍ശും സുഹൃത്തുക്കളും അഞ്ചു ബൈക്കുകളിലായി കൊടൈക്കനാലിലേക്ക് വിനോദയാത്രക്കായി പോകവേയായിരുന്നു അപകടം.
റോഡിന് കുറുകെ പാഞ്ഞെത്തിയ കാട്ടുപന്നി ആദര്‍ശിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നുവെന്നും ഇതേ തുടര്‍ന്നു നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ആദര്‍ശ് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചുവെന്നാണ് ഒപ്പമുണ്ടായിരുന്നവരും ഈസമയം ഇതുവഴി വന്ന തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറിലുണ്ടായിരുന്നവരും പറഞ്ഞത്.
പാതയോരത്ത് കാട്ടുപന്നിയെ ചത്ത നിലയില്‍ കണ്ടെത്തുക കൂടി ചെയ്തതോടെ എല്ലാവരും ഇക്കാര്യം വിശ്വസിച്ചു. എന്നാല്‍ ഉച്ചയോടെ കാര്യങ്ങളുടെ ഗതി മാറി.
ബൈക്ക് ഇടിച്ചാല്‍ കാട്ടുപന്നി ചാകാന്‍ സാധ്യത വിരളമായതിനാല്‍ അപകട സമയം എത്തിയ കാറുകാരനോട് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് കാര്യങ്ങള്‍ വ്യക്തമായത്.
കാട്ടുപന്നിയെ ഇടിച്ചത് തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണെന്നും ഇതേത്തുടര്‍ന്നു നിയന്ത്രണംവിട്ട കാര്‍ ബൈക്കിന്റെ ഹാന്റിലില്‍ തട്ടുകയും ആദര്‍ശ് റോഡിലേക്ക് വീഴുകയുമായിരുന്നുവെന്നാണ് പോലീസ് നൽകുന്ന സൂചന.
ഈസമയം ഒരുപക്ഷേ കാര്‍ ആദര്‍ശിന്റെ ശരീരത്തിലൂടെ കയറിയിട്ടുണ്ടാകാം എന്നാണ് കാര്‍ ഡ്രൈവര്‍ പറയുന്നത്. ഇരുട്ട് ആയതിനാല്‍ ഒന്നും വ്യക്തമായിരുന്നില്ലെന്നും എന്നാല്‍ താന്‍ കരുതിയത് പന്നിയാകാം വാഹനത്തിനടിയില്പ്പെട്ടത് എന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ആദര്‍ശിന്റെ കഴുത്ത്, താടിയെല്ല് ഉള്‍പ്പെടെയുള്ള ഭാഗത്ത് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മനപൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയാണ് തമിഴ്നാട് കടയനെല്ലൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ എന്നയാളെ ചിതറ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി. കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ചിതറ എസ്എച്ച്ഒ പറഞ്ഞു.