അമൃത വിശ്വവിദ്യാപീഠവുമായി കൈകോർത്ത് ബാത്ത് സർവകലാശാല
1584111
Friday, August 15, 2025 6:43 AM IST
അമൃതപുരി (കൊല്ലം): അക്കാദമിക - ഗവേഷണ രംഗത്ത് സഹകരിച്ച് പ്രവർത്തിക്കാൻ അമൃത വിശ്വവിദ്യാപീഠവും യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ബാത്തും ധാരണയായി. ഇതു സംബന്ധിച്ച ധാരണ പത്രത്തിൽ ഇരു സർവകലാശാലകളും ഒപ്പുവച്ചു.
ഇരു സർവകലാശാലകളും ദീർഘകാലത്തേക്കുള്ള സഹകരണത്തിനാണ് ധാരണയായത്. അമൃത സ്കൂൾ ഓഫ് ബയോടെക്നോളജി വിഭാഗം ഡീൻ ഡോ. ബിപിൻ ജി. നായർ, സയൻസ് വിഭാഗം ഡീൻ പ്രഫ. ഡങ്കൻ ക്രെയ്ഗ്, അസോസിയേറ്റ് ഡീൻ, പ്രഫ. മൊമ്ന ഹെജ്മാദി എന്നിവർ ചേർന്ന് ധാരണാപത്രം കൈമാറി.
ഗവേഷണം, അക്കാദമിക് കൈമാറ്റം, ബയോടെക്നോളജി രംഗത്തെ ഉയർന്ന നിലവാരത്തിലുള്ള പഠനാവസരങ്ങൾ എന്നീ മേഖലകളിലാണ് രണ്ടു സർവകലാശാലകളും സഹകരിച്ച് പ്രവർത്തിക്കുക. ധാരണാപത്രം പ്രകാരം അമൃത വിശ്വവിദ്യാപീഠത്തിലെ വിദ്യാർഥികൾക്ക് ഇന്ത്യയിൽ നിന്ന് ഒരു മാസ്റ്റേഴ്സ് ബിരുദം പൂർത്തിയാക്കി ബാത്ത് സർവകലാശാലയിൽ ബയോ ടെക്നോളജി വിഷയത്തിൽ മാസ്റ്റേഴ്സ് പഠനം തുടരാം.
ഇരു സ്ഥാപനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി ലോകോത്തര അധ്യാപനവും ആധുനിക ഗവേഷണവും വൈവിധ്യമാർന്ന അക്കാദമിക് അനുഭവങ്ങളും വിദ്യാർഥികൾക്ക് ലഭ്യമാക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
ഇരുകൂട്ടർക്കും ലഭിച്ച വിജയകരമായ അവസരമാണിതെന്ന് ഡോ. ബിപിൻ ജി. നായർ അഭിപ്രായപ്പെട്ടു. 2025–26 അക്കാദമിക് വർഷം മുതൽ അമൃതയിലെ ആദ്യ ബാച്ച് വിദ്യാർഥികളെ ബാത്ത് സർവകലാശാല സ്വീകരിക്കുകയാണ്.