ആനയോളം അറിവു പകര്‍ന്ന് ലോക ഗജദിനത്തിൽ സെമിനാര്‍
1583858
Thursday, August 14, 2025 6:23 AM IST
കൊല്ലം: ആനകൾക്ക് മനുഷ്യനേക്കാള്‍ കേള്‍വി ശക്തിയുണ്ട്. 12 ലിറ്റര്‍ വെള്ളം തുമ്പികൈയില്‍ നിറയ്ക്കാം. ചെണ്ടത്താളത്തിനൊത്തല്ല, ശരീരതാപനില നിയന്ത്രിക്കാനാണ് ചെവിയാട്ടല്‍. ആനകളെകുറിച്ച് കൗതുകവും അത്ഭുതവും ഇടകലരുന്ന അറിവുകളാണ് ലോകഗജദിനത്തില്‍ ഇത്തവണ പങ്കുവെച്ചത്.
പുത്തന്‍കുളം ആനത്താവളത്തില്‍ ദിനാചരണ ഭാഗമായി മൃഗസംരക്ഷണവകുപ്പും ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സെമിനാർ ആനവിശേഷങ്ങള്‍ കൊണ്ട് കൗതുകമുണർത്തി. ഫോറസ്റ്റ് ചീഫ് വെറ്ററിനറി മുന്‍ ഓഫീസര്‍ ഡോ. ഇ. കെ. ഈശ്വരന് സെമിനാര്‍ നയിച്ചു.
ആനകള്‍ക്ക് ശബ്ദവും ഗന്ധവും തിരിച്ചറിയാന്‍ സവിശേഷ കഴിവുണ്ട് . തുമ്പികൈയില്‍ 40000 ചെറുപേശികളുമുണ്ട്. ആനക്കുട്ടികള്‍ക്ക് ജനനഭാരം 150 മുതല്‍ 200 കിലോ വരെയാണ്. കൊമ്പിന്റെ മൂന്നിലൊന്ന് മാത്രമാണ് പുറത്ത് കാണാവുന്നത്. മദപ്പാട്കാലത്ത് ആനകളെ മൂന്നു മാസമെങ്കിലും കെട്ടിയിടണം എന്ന നിര്‍ണായകവിവരവും സെമിനാറിൽ കൈമാറി.
നാട്ടാനാകളുടെ എണ്ണം കുറയുന്നതായാണ് ഔദ്യോഗിക കണക്ക്. 2021 ല്‍ 510 നാട്ടാനകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് നിലവില്‍ ഉള്ളത് 382. ജില്ലയില്‍ 55 ആനകള്‍ക്കാണ് രജിസ്ട്രേഷനുള്ളത്. ക്ഷയം, പരാദരോഗങ്ങള്‍, പാദരോഗങ്ങള്‍, രക്താതിസാരം, ഹൃദ്രോഗം, എരണ്ടകെട്ട് എന്നിവയാണ് എണ്ണം കുറയാന്‍ പ്രധാനകാരണമായിട്ടുള്ളത്. പുതുക്കിയ വന്യജീവിസംരക്ഷണ നിയമപ്രകാരം ഇതരസംസ്ഥാനങ്ങളില്‍നിന്ന് ആനകളെ കൊണ്ടുവരുന്നതിനും കൈമാറ്റംചെയ്യുന്നതിനും കര്‍ശനവ്യവസ്ഥകള്‍ ആണ് ഉള്ളത്.
ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും ജനിതക പഠന സര്‍ട്ടിഫിക്കറ്റും ഡാറ്റാ ഷീറ്റും നിര്‍ബന്ധമാക്കി. ജനിതക പഠന സാക്ഷ്യപത്രം ഡെറാഡൂണ്‍ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ചാണ് ഉറപ്പാക്കുക. ആനക്കൊമ്പോ പല്ലോ ആനയുമായി ബന്ധപ്പെട്ട മറ്റ് മേനി ഉപാധികളോ വില്‍ക്കുന്നതിന് നിരോധനമുണ്ട്. നടയ്ക്കിരുത്തുകയോ പോറ്റാന്‍ നിര്‍വാഹമില്ലാതെ ആരാധനാലയങ്ങള്‍ക്ക് കൈമാറുകയോ ചെയ്യാമെന്നും സെമിനാറില്‍ വ്യക്തമാക്കി.