മൊബൈല്‍ ഫോണ്‍ കട കുത്തിത്തുറന്ന് കവര്‍ച്ച : മൂന്നുപേര്‍ പിടിയില്‍
1584101
Friday, August 15, 2025 6:31 AM IST
അഞ്ചൽ : കടകുത്തിത്തുറന്ന് ഫോണുകളും ലാപ്ടോപ്പുകളും കവര്‍ച്ച ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കല്ലമ്പലം സ്വദേശികളായ അൽ അമീൻ, മുഹമ്മദ് ആഷിക്, മുഹമ്മദ് ഇർഫാൻ എന്നിവരെയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ ഒന്നാം പ്രതി കിളിമാനൂർ സ്വദേശി ജസീം എന്നയാള്‍ ഒളിവിലാണ്. ഈമാസം ഒന്നിന് പുലര്‍ച്ചെയോടെയാണ് ചടയമംഗലത്തുള്ള ഒരു സ്ഥാപനത്തിന്റെ പിന്‍ഭാഗം കുത്തിപ്പൊളിച്ചു കടയിൽ സൂക്ഷിച്ചിരുന്ന 50 ഓളം മൊബൈൽഫോണുകളും മൂന്ന് ലാപ്ടോപ്പുകളും കേസിലെ ഒന്നാം പ്രതിയായ ജസീമും, അൽഅമീനും ചേർന്നു മോഷ്ടിച്ചു കടത്തിയത്.
കവര്‍ച്ചയ്ക്ക് ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതികള്‍ കാറില്‍ കാത്തുനിന്ന ആഷിക്, മുഹമ്മദ് ഇര്ഫാന് എന്നിവര്‍ക്ക് മോഷണ വസ്തുക്കള്‍ കൈമാറി. മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളുമായി എറണാകുളത്ത് എത്തിയ പ്രതികള്‍ ഇത് വില്ക്കാന് ശ്രമിച്ചുവെങ്കിലും നടന്നില്ല. ഇതോടെ പ്രതികള്‍ ചെന്നൈയില്‍ എത്തുകയും ഇവിടെ മൊബൈല്‍ ഫോണുകള്‍ വില്പന നടത്തുകയും ചെയ്തു.
സംഭവത്തില്‍ കടയുടമയുടെ പരാതിയില്‍ കേസെടുത്ത ചടയമംഗലം പോലീസ് വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള നൂറിലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ കുടുക്കിയത്. അറസ്റ്റിലായ മൂന്നുപ്രതികളേയും വീടുകളില്‍ നിന്നാണ് പിടികൂടിയത്.
ഒളിവിലുള്ള ജസീമിന്റെ ടയര്‍ പഞ്ചര്‍ വര്‍ക്ക് കടയില്‍ നിന്നും ലാപ്ടോപ്പുകളും വില്‍പ്പന നടത്താതെ മാറ്റിവച്ചിരുന്ന മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു.
ഒളിവിലുള്ള ഒന്നാം പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു. കവര്‍ച്ചയ്ക്കായി ഉപയോഗിച്ച ബൈക്ക് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ചടയമംഗലം എസ്എച്ച്ഒ സുനീഷ്, എസ്ഐ മോനിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.