സ്വിഗ്ഗി ജീവനക്കാർ സമരം നടത്തി
1584289
Sunday, August 17, 2025 6:14 AM IST
കരുനാഗപ്പള്ളി: ന്യായമായ വേതനം ആവശ്യപ്പെട്ട് ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി ജീവനക്കാർ കരുനാഗപ്പള്ളിയിൽ പ്രതിഷേധ ധർണ നടത്തി. വെയിറ്റിംഗ് ചാർജ് നൽകുക, കിലോമീറ്റർ ചാർജ് 10 രൂപയായി വർധിപ്പിക്കുക, റിട്ടേൺ ചാർജ് നൽകുക,ആഴ്ച തോറും നൽകി കൊണ്ടിരുന്ന വേതനം പുനസ്ഥാപിക്കുക പെട്രോൾ അലവൻസ് പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ജീവനക്കാർ ധർണ നടത്തിയത്.
ഓൾകേരള ജിഗ് അസോസിയേഷൻ, എഐടിയുസിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ സിപിഐ മണ്ഡലം സെക്രട്ടറി ജഗത് ജീവൻ ലാൽ ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കമ്പനി ചർച്ചയ്ക്ക് തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഓൾ കേരള ജിഗ് അസോസിയേഷൻ പ്രതിനിധികളായ സിനോഷ് പള്ളിമുക്ക്, രോഹൻ ഷെഹീൻ എന്നിവർ പ്രസംഗിച്ചു. സമരത്തിൽ ഷാഫി, തൻസൽ, ഷേർഖാൻ, ടി.എസ്.അഖിൽ എന്നിവരും പങ്കെടുത്തു.