അധിക ചുങ്കം കർഷകർക്ക് കനത്ത ആഘാതം ഏൽപ്പിക്കും: കർഷക കോൺഗ്രസ്
1584290
Sunday, August 17, 2025 6:14 AM IST
അഞ്ചൽ: അമേരിക്ക ഏർപ്പെടുത്തിയ അധിക ചുങ്കം കേരളത്തിലെ കർഷകർക്ക ്കനത്ത ആഘാതം ഏൽപ്പിക്കുമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിളക്കുപാറ ഡാനിയേൽ പ്രസ്താവനയിൽ അറിയിച്ചു. കൊഞ്ച്, കണവ, ഞണ്ട്, കായൽ മത്സ്യങ്ങൾ തുടങ്ങി ഒട്ടേറെ സമുദ്രോല്പന്നങ്ങൾക്ക് കയറ്റുമതി വിപണിയിലെ ഈ അപ്രതീക്ഷിത തിരിച്ചടി ഏറെ ദോഷകരമാവും.
അമേരിക്കൻ വിപണിയിൽ സമീപകാലത്തായി ഇന്ത്യൻ കശുവണ്ടിയുടെ വിപണി വിഹിതം ഗണ്യമായി വർധിച്ചിരുന്നു. 2023-24 കാലയളവിൽ 65808 മെട്രിക് ടൺ സംസ്കരിച്ച കശുവണ്ടിപ്പരിപ്പാണ് അമേരിക്കൻ വിപണിയിൽ മാത്രം കയറ്റി അയച്ചത്. 2900 കോടി രൂപയുടെ വാർഷിക കയറ്റുമതിയാണ് കുരുമുളക്, ജാതി, ഏലം, മഞ്ഞൾ എന്നിവയടങ്ങുന്ന ഇന്ത്യൻ സുഗന്ധവ്യഞ്ജന വിപണിക്ക് അമേരിക്കയിലുള്ളത്. ഈ രംഗത്ത് പ്രവർത്തിക്കുന്ന വ്യാപാരികളെയും കർഷകരെയും സുഗന്ധവ്യഞ്ജന മേഖലയിലെ തിരിച്ചടി ഏറെ പ്രതികൂലമായി ബാധിക്കുമെന്നും വിളക്കുപാറ ഡാനിയേൽ പറഞ്ഞു.
കയർ, കയറുൽപ്പന്ന മേഖലക്കും പുതുക്കിയ 50ശതമാനം ചുങ്കം താങ്ങാവുന്നതല്ല. വിപണി വിഹിതം കുറവാണെങ്കിലും തേയില, കാപ്പി, എന്നിവയെയും തീരുവ വർധന ബാധിക്കും.
എക്സ്പോർട്ട് ഇൻസെന്റീവ് സ്കീമുകൾ നടപ്പിലാക്കുക, കെട്ടിക്കിടക്കുന്ന ഉത്പന്നങ്ങൾക്ക് പുതിയ വിപണന സാധ്യത കണ്ടെത്തുക എന്നീ ആവശ്യങ്ങൾ കർഷക കോൺഗ്രസ് ഉന്നയിക്കുന്നതായും വിളക്കുപാറ ദാനിയേൽ അറിയിച്ചു.