ലാൽ ബഹാദൂർ സ്റ്റേഡിയത്തിന്റെ അവസ്ഥ പരമ ദയനീയം
1584619
Monday, August 18, 2025 6:25 AM IST
അജി വള്ളിക്കീഴ്
കൊല്ലം: നഗരത്തിൽ നൂറുകണക്കിനു കായികതാരങ്ങളുടെ ആശ്രയ കേന്ദ്രമായ ലാൽ ബഹാദൂർ സ്റ്റേഡിയത്തിന്റെ ഇന്നത്തെ അവസ്ഥ പരമ ദയനീയമെന്ന ആക്ഷേപം ഉയരുകയാണ്. കായിക താരങ്ങളോടുള്ള ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നിരുത്തരവാദപരമായ സമീപനരീതിയും അവഗണയും ചൂണ്ടികാട്ടുന്നതാണ് ഇന്നത്തെ ദുരവസ്ഥ. സ്റ്റേഡിയത്തിലേക്ക് കയറിയാൽ കാട്ടിൽ കയറിയ പ്രതീതിയാണ് ആർക്കും ഉണ്ടാവുക.
കാട് മൂടിയ സ്ഥലങ്ങൾ പാമ്പുകളുടെയും മറ്റു ഇഴ ജന്തുക്കളുടെയും വിഹാര കേന്ദ്രമായി മാറിയിരിക്കുന്നു. സ്റ്റേഡിയത്തിൽ എവിടെ നോക്കിയാലും കുപ്പിച്ചില്ലുകൾ. സാമൂഹ്യവിരുദ്ധർ ഇരുളിന്റെ മറവിൽ അഴിഞ്ഞാടുന്ന കേന്ദ്രമായി സ്റ്റേഡിയം മാറി എന്നും പറയാതിരിക്കാൻ വയ്യ.
കായികരംഗത്ത് കൊല്ലത്തിന്റെ അഭിമാനമായിരുന്ന ലാൽ ബഹാദൂർ സ്റ്റേഡിയത്തിലേക്ക് കായിക താരങ്ങൾ പരിശീലനത്തിന് വരാൻ തന്നെ ഭയപ്പെടുകയാണ്. പാമ്പുകളുടെ ശല്യം ഒരു വശത്ത്. ഭക്ഷ്യാവശിഷ്്ടങ്ങൾ തള്ളുന്ന കേന്ദ്രമായി മാറിയതോടെ തെരുവുനായ്ക്കളുടെ ശല്യം മറു വശത്ത്.
സാമൂഹ്യ വിരുദ്ധർ ലഹരിയുടെ ആസക്തിയിൽ ഉടച്ച് എറിയുന്ന കുപ്പിച്ചില്ലുകൾ ചവിട്ടേണ്ടി വരുമെന്ന ഭയവും ഒപ്പമുണ്ട്. സ്റ്റേഡിയത്തിലെ അപകടാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് സായ് അധികൃതർ കോർപറേഷന് പലതവണ കത്ത് നൽകിയിട്ടും ഒരു ഫലവും ഉണ്ടായിട്ടില്ല. ഭയത്തോടെയാണ് കുട്ടികളിപ്പോൾ സ്റ്റേഡിയത്തിൽ പരിശീലനം തേടുന്നത്.
ഈ സ്റ്റേഡിയത്തിൽ ഓടിയും ചാടിയും കാൽപ്പന്ത് കളിച്ചുമൊക്കെ കായിക ചരിത്രത്തിൽ ഇടം നേടിയവർ നിരവധിയാണ്. സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയിലെ കായികതാരങ്ങൾ പോലും സ്റ്റേഡിയത്തിൽ പരിശീലനം നേടാൻ ഒരു കാലത്ത് എത്തിയിട്ടുണ്ട്.
സിന്തറ്റിക് ട്രാക്ക് നിർമിക്കുന്നതോടെ ദേശീയതലത്തിലുള്ള മത്സരങ്ങൾവരെ ഇവിടെ നടത്തുമെന്നായിരുന്നു അധികൃതർ പ്രഖ്യാപനങ്ങളും പ്രസ്താവനകളും ഫേസ് ബുക്ക് പോസ്റ്റുകളും നിരത്തി ഊതിക്കാച്ചി പറഞ്ഞിരുന്നത്. എന്നാൽ സിന്തറ്റിക് ട്രാക്ക് നിർമാണത്തിനായി 2023-ൽ സ്റ്റേഡിയം അടച്ചിട്ടതോടെ സ്റ്റേഡിയത്തിന്റെ കഷ്ടകാലം ആരംഭിക്കുകയായിരുന്നു.
ഒളിമ്പ്യൻ സുരേഷ് ബാബു മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ലാൽ ബഹാദൂർ സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്ക് നിർമിക്കുന്നത്. 5.42 കോടിയാണ് ആദ്യം അനുവദിക്കുന്നത്. കിറ്റ്കോ നിർവഹണ ഏജൻസിയായി കിഫ്ബി ഫണ്ടാണ് നവീകരണത്തിനായി ചെലവഴിച്ചത്.
സിന്തറ്റിക് ട്രാക്ക് നിർമിക്കുന്നതോടെ ദേശീയതലത്തിലുള്ള മത്സരങ്ങൾ വരെ ലാൽ ബഹാദൂർ സ്റ്റേഡിയത്തിൽ നടത്താൻ കഴിയുമായിരുന്നു. പക്ഷേ എല്ലാം അസ്ഥാനത്തായി. ഒന്നും നടന്നില്ല. ചെലഴിച്ച പണത്തിന്റെ കണക്ക് ആവട്ടെ 6.89 കോടി വരെ എത്തി.
സ്റ്റേഡിയം നവീകരണത്തിന്റെ കാര്യത്തിൽ കായിക താരങ്ങളും ജനങ്ങളും പരാതിയുമായി രംഗത്ത് ഇറങ്ങിയപ്പോൾ പവിലിയൻ മാത്രം പെയിന്റടിച്ച് കോർപപറേഷൻ ഉദ്ഘാടന മഹാമഹം നടത്തുകയാണ് ചെയ്തത്.
തുടർന്ന് സായിയിലെ കുട്ടികൾക്കായി സ്റ്റേഡിയം ഭാഗികമായി തുറന്നു നൽകിയെങ്കിലും ഭയപ്പെടുത്തുന്ന സ്റ്റേഡിയത്തിലേക്ക് വരാൻ ഏവരും മടിക്കുകയാണ്. ഫുട്ബോൾ പരിശീലനത്തിന് സൗകര്യമില്ലാത്തതിനാൽ കുട്ടികൾ എസ്എൻ കോളജ് മൈതാനമാണ് അതിനായി ആശ്രയിച്ചു വരുന്നത്.
സ്റ്റേഡിയം നവീകരണമെന്ന കൊല്ലത്തെ കായികപ്രേമികളുടെ ചിരകാലാവശ്യം സഫലീകരിയ്ക്കപ്പെടുകയാണെന്നു പറഞ്ഞിരുന്ന എംഎൽഎ ഫ്ളഡ് ലൈറ്റുകൾ, ഗാലറിയ്ക്ക് പവലിയൻ, വാമിംഗ് അപ്പ് ട്രാക്ക്, ഫെൻസിംഗ് എന്നിവ സ്ഥാപിക്കുമെന്നും അഞ്ചുകോടി അനുവദിച്ചിട്ടുണ്ടെന്നും അറിയിച്ചിരുന്നതാണ്.
മുൻപ് കോർപറേഷൻ സ്റ്റേഡിയം എന്നറിയപ്പെട്ടിരുന്ന ലാൽ ബഹാദൂർ സ്റ്റേഡിയം 1988-89 ലാണ് നിർമിക്കുന്നത്. കോടികൾ ചെലവഴിച്ച് നവീകരിച്ചിട്ടും അന്താരാഷ്ട്ര മത്സരങ്ങൾ പോയിട്ട് കായിക താരങ്ങൾക്ക് പരിശീലനത്തിന് പോലും ഉപയോഗപ്പെടാത്ത നിലയിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പാമ്പ് വളർത്തൽ കേന്ദ്രമാക്കി മാറിയിരിക്കുകയാണ് ലാൽ ബഹാദൂർ സ്റ്റേഡിയം.