കുളത്തൂപ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്ര പരിസരം കാടുമൂടിയ നിലയിൽ
1584105
Friday, August 15, 2025 6:31 AM IST
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ നിവാസികളുടെ ആശ്രയ കേന്ദ്രമായ കുളത്തൂപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പരിസരം കാട് പിടിച്ച് കിടക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി.ഈ ഭാഗത്തു ഇഴജന്തുക്കളുടെ താവളമാണ് .
കുളത്തൂപ്പുഴ പോലീസ് സ്റ്റേഷൻ, വില്ലേജ് ഓഫീസ്, സർക്കാർ സ്കൂൾ കെട്ടിടങ്ങൾ എല്ലാം ഈ ഭാഗത്താണ് സ്ഥിതിചെയ്യുന്നത്.
അപകടാവസ്ഥയിൽ ഇവിടെ നിന്നിരുന്ന മരങ്ങൾ എല്ലാം അധികൃതർ മുറിച്ചു. ഈ തടികൾ ഇവിടെ നിന്നും നീക്കം ചെയ്യാതെ എല്ലാം ഇവിടെ കൂട്ടിയിട്ടിരിക്കുകയാണ്. ഇതിനും ചുറ്റിലും പൂർണമായും കാടുകയറി കിടക്കുന്നു.
ആശുപത്രിയിൽ ദിവസവും 100 കണക്കിന് പേരാണ് എത്തിച്ചേരുന്നത്. കാടുപിടിച്ചു കിടക്കുന്ന ഭാഗത്താണ് ആംബുലൻസ് അടക്കം ഉള്ള വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. മിക്കപ്പോഴും വാഹനങ്ങളിൽ ഇഴജന്തുക്കൾ കേറി ഇരിക്കുന്നത് പതിവ് കാഴ്ചയാണ്.
ഈ അടുത്തിടെയാണ് ആശുപത്രി ലാബിനുള്ളിൽ പെരുമ്പാമ്പിന്റെ കുഞ്ഞിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ആശുപത്രി പരിസരത്തു നിന്നിരുന്ന മരങ്ങളുടെ ശിഖരങ്ങൾ എല്ലാം മുറിച്ചു തൊട്ടടുത്ത സ്കൂളിന്റെ പരിസരത്ത് തള്ളിയത് വിവാദം ആയിരിക്കുകയാണ്. കാടുമൂടി കിടക്കുന്ന ഭാഗം വൃത്തിയാക്കി ഇടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.