വാഹനപുക പരിശോധനയ്ക്കിടയിൽ കാർ നിയന്ത്രണംവിട്ട് ഇടിച്ചു കയറി
1584288
Sunday, August 17, 2025 6:14 AM IST
കുണ്ടറ: വാഹന പുക പരിശോധന കേന്ദ്രത്തിലെ ടെസ്റ്റിനിടയിൽ കാർനിയന്ത്രണം വിട്ട് ഇടിച്ചു കയറി അപകടം. കുണ്ടറ ആറുമുറിക്കട പഴയ ഫയർ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന വാഹന പുക പരിശോധന കേന്ദ്രത്തിലേക്കാണ് കാർ ഇടിച്ചു കയറി അപകടം ഉണ്ടായത്.
അഞ്ചൽ സ്വദേശികളായ ദമ്പതികൾ ആണ് കാറിൽ ഉണ്ടായിരുന്നത്. ഓട്ടോമാറ്റിക് കാറിന്റെ ഗിയർ അബദ്ധത്തിൽ ഡ്രൈവ് മോഡിൽ ആയിരിക്കെ പുക പരിശോധനയ്ക്കായി ആക്സിലേറ്റർ കൊടുത്തതാണ് അപകടത്തിന് കാരണമായത്.
പരിശോധനകേന്ദ്രത്തിന്റെ കടമുറി വളരെ വലുതായതിനാലും ഉള്ളിലേക്ക് മറ്റ് ഫർണിച്ചറുകൾ ഒന്നുമില്ലാതിരുന്നതിനാലും വണ്ടി നിയന്ത്രണത്തിൽ ആക്കാൻ കഴിഞ്ഞു.
പുക ടെസ്റ്റ് ചെയ്യുന്ന മെഷീൻ പ്രവർത്തിപ്പിക്കുന്ന ഒരു യുവാവ് മാത്രമേ കടയിൽ ഉണ്ടായിരുന്നുള്ളു.വണ്ടി ഇടിച്ചു കയറി വരുന്നത് കണ്ട യുവാവ് ഓടി മാറിയതിനാൽ രക്ഷപ്പെട്ടു.