മാർച്ചും ധർണയും നടത്തി
1584110
Friday, August 15, 2025 6:31 AM IST
കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി പട്ടികജാതി ക്ഷേമസമിതി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.
രാജ്യത്തെ 42 കേന്ദ്ര സർവകലാശാലകളിൽ വിദ്യാർഥി പ്രവേശനത്തിലും അധ്യാപക നിയമനത്തിലും ഒഴിഞ്ഞുകിടക്കുന്ന സംവരണ സീറ്റുകളിൽ നിയമനം നടത്തുക, സ്വകാര്യ മേഖലയിൽ തൊഴിൽ സംവരണം നടപ്പിലാക്കാൻ നിയമം കൊണ്ടുവരുക, ജാതി സെൻസസുമായി ബന്ധപ്പെട്ട അവ്യക്തത പരിഹരിക്കുക, പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം പഴുതുകൾ പരിഹരിച്ച് നടപ്പിലാക്കാൻ കേന്ദ്രസർക്കാർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചത്.
കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നും ആരംഭിച്ച മാർച്ച് ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിൽ സമാപിച്ചു. തുടർന്ന് ചേർന്ന ധർണാ സമരം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു.
പികെഎസ് സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് മതിര അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജി .സുന്ദരേശൻ, സംസ്ഥാന കമ്മിറ്റി അംഗം ടി.ഗോപാലകൃഷ്ണൻ, എ. പുഷ്പരാജൻ, എൻ .എസ്. ശാന്തകുമാർ, വി.കെ .സത്യശീലൻ, ബി. രാജേന്ദ്രൻ, എം . സുരേഷ് കുമാർ, ജെ. ബിജു തുടങ്ങിയവർ പങ്കെടുത്തു.