കെഎംഎംഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം പൂർത്തിയായി
1584108
Friday, August 15, 2025 6:31 AM IST
ചവറ: പൊതുമേഖല സ്ഥാപനമായ കെഎംഎംഎല്ലിലെ ജീവനക്കാരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട ദീർഘകാല കരാറിന് അംഗീകാരമായി. മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കെഎംഎംഎൽ എംഡി പി. പ്രദീപ് കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്.
പതിമൂന്നര ശതമാനം ഫിറ്റ്മെന്റ് ബെനഫിറ്റിന്റ് വർധനവിനാണ് മന്ത്രി തല ചർച്ചയിൽ തീരുമാനമായത്. 2020 ഡിസംബർ 31 വരെ ബാധകമായ 22 ശതമാനം ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കാൻ മുൻപ് നടന്ന ചർച്ചകളിൽ തീരുമാനമായിരുന്നു.ഇതനുസരിച്ച് തൊഴിലാളികൾക്ക് ശരാശരി 17 ശതമാനം വർധനവ് ലഭ്യമാകും.
പുതുക്കിയ ശമ്പള വർധനവിന്റെ അടിസ്ഥാനത്തിൽ 4200 രൂപ മുതലുള്ള വർധനവ് ജീവനക്കാർക്ക് ലഭ്യമാകും. സെക്രട്ടറിയേറ്റിൽ നടന്ന ശമ്പള പരിഷ്കരണ ചർച്ചയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ , പി.എസ്. സൂപാൽ എംഎൽഎ, ഷിബു ബേബിജോൺ , സുരേഷ ബാബു , സിഐടിയു കൊല്ലം ജില്ല സെക്രട്ടറി എസ് .ജയമോഹൻ, ടി. മനോഹരൻ, ശ്യാം സുന്ദർ തുടങ്ങിയവരും കമ്പനിയിലെ ട്രേഡ് യൂണിയൻ നേതാക്കന്മാരും പങ്കെടുത്തു.